
ദില്ലി: ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം അധികം വൈകാതെ പുതിയ ജിഎസ്ടി നികുതി സ്ലാബുകൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷയായ ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 3,4 തിയതിതളിൽ നടക്കും. സെപ്റ്റംബർ 22 നകം പുതിയ ജിഎസ്ടി നികുതി സ്ലാബുകൾ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഒക്ടോബറില്‍ വരുന്ന ദീപാവലിക്ക് മുന്‍പായി വിപണിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം ലഭിച്ചു ഏകദേശം അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ വിജ്ഞാപനങ്ങൾ പുറത്തിറക്കുമെന്നാണ് സൂചന. ഓഗസ്റ്റ് അവസാനത്തോടെ വരുന്ന ഗണേശ ചതുര്‍ത്ഥിയും ഓണവുമാണ് ഉത്സവകാലത്തിന്റെ തുടക്കം കുറിക്കുന്നത്. ഇത് ക്രിസ്മസ് വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനികള്‍ക്ക് മികച്ച വില്‍പ്പന ലഭിക്കാറുണ്ട്.നിലവിലുള്ള നാല് സ്ലാബ് ഘടനയില്‍ നിന്ന് 12% ഉം 28% ഉം ഒഴിവാക്കി പുതിയ രണ്ട് നിരക്ക് ഘടനയിലേക്ക് മാറാന്‍ ആണ് പദ്ധതി. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, 12% സ്ലാബിലുള്ള മിക്ക ഉത്പന്നങ്ങളും 5% ലേക്ക് മാറ്റും. 28% സ്ലാബിലുള്ള പല ഉത്പന്നങ്ങളും 18% ലേക്ക് മാറും. അതേസമയം, ഉയര്‍ന്ന വിലയുള്ള കാറുകള്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയ ചില സാധനങ്ങള്‍ക്ക് 40% എന്ന പുതിയ നികുതി സ്ലാബ് ഏര്‍പ്പെടുത്തിയേക്കും.
കാറുകളും പുകയിലയും ഉള്‍പ്പെടെ 28% സ്ലാബിലുള്ള ചില ഉത്പന്നങ്ങള്‍ക്ക് നിലവില്‍ ചുമത്തുന്ന ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ് ഒഴിവാക്കാനും സാധ്യതയുണ്ട്. എസ്.യു.വി.കള്‍ ഉള്‍പ്പെടെയുള്ള കാറുകള്‍ക്ക് ഇതിലൂടെ കാര്യമായ നികുതിയിളവ് ലഭിക്കും.
