
സന: യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചു. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാ ക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇസ്രയേലിനു നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ഹൂതി ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങള്‍ നടത്തുന്ന ഒരു സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാല് ലക്ഷ്യസ്ഥാനങ്ങളിലായി ബോംബുകള്‍ അടക്കം 30-ല്‍ അധികം ആയുധങ്ങള്‍ ഉപയോഗിച്ചതായും ഐഡിഎഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രയേല്‍ ആക്രമണം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഹൂതികള്‍ പ്രതികരിച്ചു. പ്രസിഡന്‍ഷ്യല്‍ ആസ്ഥാനത്ത് നിലവില്‍ ജീവനക്കാരില്ല. ഇസ്രയേല്‍ സനായില്‍ നടത്തിയ ആക്രമണത്തിന്റെ ഒരു ഭാഗം വ്യോമ പ്രതിരോധ സേന നിര്‍വീര്യമാക്കിയെന്നും ഹൂതികള്‍ പ്രതികരിച്ചു
