
വാഷിങ്ടൺ: അമേരിക്കയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫർണിച്ചറുകൾക്ക് അധിക തീരുവ ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സർക്കാർ ഈ മേഖലയെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലേക്ക് വരുന്ന ഫർണിച്ചറില്‍ ചുമത്തുന്ന താരിഫ് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിൽ എഴുതി. അടുത്ത 50 ദിവസത്തിനുള്ളിൽ, അന്വേഷണം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഫർണിച്ചറുകളുടെ താരിഫ് നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ നോർത്ത് കരോലിന, സൗത്ത് കരോലിന, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫർണിച്ചർ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗമായി താരിഫ് പദ്ധതിയെ മാറ്റുമെന്നും ട്രംപ് പറഞ്ഞു. സർക്കാർ കണക്കുകൾ പ്രകാരം ജൂലൈയിലെ കണക്കനുസരിച്ച്, ഫർണിച്ചർ, അനുബന്ധ ഉൽപ്പന്ന നിർമ്മാണ മേഖലയിൽ 340,000-ത്തിലധികം ആളുകളെയാണ് ജോലിക്കെടുത്തത്.
യുഎസ് ഫർണിച്ചർ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകളിൽ ചൈനയും വിയറ്റ്നാമുമാണ് മുന്നിൽ. വ്യാപാര പ്രസിദ്ധീകരണമായ ഫർണിച്ചർ ടുഡേ പ്രകാരം, 2024-ൽ അമേരിക്ക 25.5 ബില്യൺ ഡോളറിന്റെ ഫർണിച്ചറുകൾ ഇറക്കുമതി ചെയ്തു. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, മരുന്നുകൾ, ചിപ്സ്, നിർണായക ധാതുക്കൾ, വിവിധ വിഭാഗത്തിലുള്ള വസ്തുക്കൾ എന്നിവയുടെ ഇറക്കുമതിയെക്കുറിച്ച് ട്രംപ് ഭരണകൂടം നിരവധി അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വിയറ്റ്നാം, ചൈന തുടങ്ങിയ സമ്പദ്വ്യവസ്ഥകൾ ഇതിനകം തന്നെ താരിഫ് ആഘാതം നേരിടുന്നു. ജനുവരിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിനുശേഷം, യുഎസ് വ്യാപാര പങ്കാളികളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പുതിയ തീരുവ ചുമത്തിയത് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ചെലവുകൾ വർദ്ധിപ്പിച്ചു.
