
ദില്ലി: അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിൽ (ആർകോം) സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ആർകോമിനും അതിന്റെ പ്രൊമോട്ടർ ഡയറക്ടർ അനിൽ അംബാനിക്കും ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ട്.
ആർകോമുമായും അനിൽ അംബാനിയുമായും ബന്ധപ്പെട്ട ആറ് സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ബാങ്ക് ഫണ്ടുകൾ എങ്ങനെ ദുരുപയോഗം ചെയ്തുവെന്നും വായ്പകൾ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ എന്നും തെളിയിക്കുന്നതിനാുള്ള നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കുക എന്നതാണ് ഇന്നത്തെ റെയ്ഡിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. എസ്ബിഐക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയതിന് ആർകോമിനെതിരെ ഏജൻസി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു.
ജൂൺ 13 ന് എസ്ബിഐ ആർകോമിനെയും അനിൽ അംബാനിയെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തുകയും ജൂൺ 24 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് അയയ്ക്കുകയും ചെയ്തു. ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു ബാങ്ക് ഒരു അക്കൗണ്ടിനെ ഫ്രോഡ് പട്ടികയിൽ പെടുത്തിക്കഴിഞ്ഞാൽ 21 ദിവസത്തിനുള്ളിൽ ആർബിഐയെ അറിയിക്കുകയും കേസ് സിബിഐയിലോ പോലീസിലോ റിപ്പോർട്ട് ചെയ്യുകയും വേണം. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ ആർകോമിന് എസ്ബിഐ കാരണം കാണിക്കൽ നോട്ടീസി അയച്ചിരുന്നു. നോട്ടീസിന് ലഭിച്ച മറുപടികൾ പരിശോധിച്ചെങ്കിലും മതിയായ വിശദീകരണം നൽകാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ബാങ്ക് വ്യക്തമാക്കി.
