
മനാമ: ബഹ്റൈനില്‍ ഭേദഗതി ചെയ്ത ഗതാഗത നിയമം ഓഗസ്റ്റ് 22ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
പുതിയ നിയമമനുസരിച്ച് സുരക്ഷിതമല്ലാത്തതോ അശ്രദ്ധമോ ആയ ഡ്രൈവിംഗ്, തെറ്റായ ദിശയിലുള്ള ഡ്രൈവിംഗ്, പൊതു റോഡില്‍ ഓട്ടമത്സരം, വാഹനങ്ങള്‍കൊണ്ടുള്ള അഭ്യാസപ്രകടനം, പരിക്കിനോ മരണത്തിനോ കാരണമാകുന്ന അപകടങ്ങള്‍, ലൈസന്‍സില്ലാതെ ഡ്രൈവിംഗ് തുടങ്ങിയ കേസുകളില്‍ വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ കോടതിക്ക് ഉത്തരവിടാം.
മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയില്‍ അമിതവേഗത, തുടര്‍ച്ചയായി മഞ്ഞ വരകള്‍ ലംഘിച്ചു വാഹനമോടിക്കല്‍, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍, മദ്യപിച്ചു വാഹനമോടിക്കല്‍ ചുവന്ന സിഗ്നല്‍ മറികടക്കല്‍ എന്നിവ കാരണം ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്തതും ഏഴു വര്‍ഷത്തില്‍ കൂടാത്തതുമായ തടവുശിക്ഷ ലഭിക്കും. ഇത്തരം ഡ്രൈവിംഗ് ആരുടെയെങ്കിലും മരണത്തിന് കാരണമായാല്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്തതും പത്തു വര്‍ഷത്തില്‍ കൂടാത്തതുമായ തടവുശിക്ഷ ലഭിക്കും. ഇത്തരം കേസുകളില്‍ യാതൊരു ഒത്തുതീര്‍പ്പും അനുവദിക്കില്ല.
മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിലല്ലാതെ അമിത വേഗത, മഞ്ഞ വര മറികടക്കല്‍, തെറ്റായ വഴിയിലൂടെ വാഹനമോടിക്കല്‍, ചുവന്ന മറികടക്കല്‍ എന്നിവ കാരണം ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ 1,000 മുതല്‍ 5,000 വരെ ദിനാര്‍ പിഴയോ അല്ലെങ്കില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ ലഭിക്കും. ആരുടെയെങ്കിലും മരണത്തിനിടയാക്കിയാല്‍ 2,000 മുതല്‍ 6,000 ദിനാര്‍ വരെ പിഴയോ രണ്ടു വര്‍ഷത്തില്‍ കുറയാത്തതും അഞ്ചു വര്‍ഷത്തില്‍ കൂടാത്തതുമായ തടവോ ആണ് ശിക്ഷ. ഇത്തരം കേസുകളിലും യാതൊരു ഒത്തുതീര്‍പ്പും അനുവദിക്കില്ല.
വേഗതപരിധിയില്‍ 30 ശതമാനത്തിലധികം കടക്കാതെയുള്ള അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ 50 മുതല്‍ 250 ദിനാര്‍ വരെ പിഴയോ മൂന്നു മാസത്തില്‍ കൂടാത്ത തടവോ ലഭിക്കും. 30 ശതമാനത്തില്‍ കൂടുതല്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചാല്‍ 200 മുതല്‍ 1,000 ദിനാര്‍ വരെ പിഴയോ ഒരു മാസത്തില്‍ കുറയാത്തതും ആറു മാസത്തില്‍ കൂടാത്തതുമായ തടവോ ലഭിക്കും. അമിത വേഗത മൂലം പൊതുസ്വത്തിനോ സ്വകാര്യസ്വത്തിനോ കേടുപാടുകള്‍ സംഭവിച്ചാല്‍ 1,000ത്തിനും 3,000ത്തിനും ഇടയില്‍ ദിനാര്‍ പിഴയോ മൂന്നു മാസത്തില്‍ കുറയാത്തതും ഒരു വര്‍ഷത്തില്‍ കൂടാത്തതുമായ തടവോ ലഭിക്കും.
രജിസ്ട്രേഷന് പ്ലേറ്റുകള്‍ ഇല്ലാതെ വാഹനമോടിക്കല്‍, പ്ലേറ്റുകള്‍ മാറ്റുകയോ വികൃതമാക്കുകയോ ചെയ്യല്‍, അംഗീകാരമില്ലാതെ പ്ലേറ്റുകള്‍ മാറ്റല്‍ എന്നിവയ്ക്ക് 300 മുതല്‍ 500 ദിനാര്‍ വരെ പിഴയോ ഒരു മാസത്തില്‍ കുറയാത്തതും ആറു മാസത്തില്‍ കൂടാത്തവുമായ തടവോ ലഭിക്കും. ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, മീറ്റര്‍ ലംഘനം സാങ്കേതിക- സുരക്ഷാ ലംഘനങ്ങള്‍ എന്നിവയ്ക്ക് 200 മുതല്‍ 1,000 ദിനാര്‍ വരെ പിഴയോ ആറു മാസത്തില്‍ കൂടാത്ത തടവോ ലഭിക്കും.
ലൈസന്‍സില്ലാത്തയാള്‍ക്ക് ഓടിക്കാന്‍ വാഹനം നല്‍കുക, പൊതു റോഡില്‍ മത്സരിക്കുക, ലൈസന്‍സില്‍ വ്യക്തമാക്കിയിട്ടില്ലാത്ത കാര്യങ്ങള്‍ക്കല്ലാതെ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സിഗ്നലുകള്‍ ലംഘിക്കുക, നിയമം ലംഘിച്ച് സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുക മനഃപൂര്‍വം ഗതാഗതം തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങള്‍ക്ക് 100 മുതല്‍ 500 ദിനാര്‍ വരെ പിഴയോ ആറു മാസത്തില്‍ കൂടാത്തതടവോലഭിക്കും.
