
മനാമ: ബഹ്റൈന്‍ ടൂറിസം മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ), നിക്കോണ്‍ യൂത്ത് ഗ്ലോബല്‍ പ്രോഗ്രാം മെന, അഷ്റഫ്സ് ഡബ്ല്യു.എല്‍.എല്‍. എന്നിവയുമായി സഹകരിച്ച് സുസ്ഥിര വികസന മന്ത്രാലയം ജൂലൈ 21ന് ആരംഭിച്ച ‘യുവജനങ്ങളുടെ കണ്ണുകളിലൂടെ ബഹ്റൈനിലെ സുസ്ഥിര ടൂറിസം’ എന്ന വിഷയത്തിലുള്ള ദേശീയ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം സമാപിച്ചു.
15നും 35നുമിടയില്‍ പ്രായമുള്ള യുവാക്കളില്‍ ബഹ്റൈനിലെ സുസ്ഥിര ടൂറിസം ആശയങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും സാംസ്കാരിക വിനിമയവും ടൂറിസം മേഖലയിലെ സുസ്ഥിരതയെക്കുറിച്ച് ആഴത്തിലുള്ള ധാരണയും വളര്‍ത്തുന്ന സൃഷ്ടിപരമായ ഉപകരണങ്ങളായി പ്രോത്സാഹിപ്പിക്കാനും ഈ മേഖലയിലെ ബഹ്റൈന്റെ ദേശീയ ശ്രമങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു മത്സരം.
യൂത്ത് സിറ്റി 2030ല്‍ നടന്ന സമാപന പരിപാടിയില്‍ ബി.ടി.ഇ.എ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാറ അഹമ്മദ് ബുഹിജി, സുസ്ഥിര വികസന മന്ത്രാലയത്തിലെ സുസ്ഥിര വികസനത്തിനായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ദാന ഇമാദ് ഹംസ, യുവജനകാര്യ മന്ത്രാലയത്തിലെ പിന്തുണയും സംരംഭങ്ങളും സംബന്ധിച്ച അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി നാനി മുഹമ്മദ് ബുട്ടി എന്നിവര്‍ പങ്കെടുത്തു.
