
ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി, വളം, റെയര്‍ എര്‍ത്ത് മിനറല്‍സ്, തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ചൈന ഇന്ത്യക്ക് ഉറപ്പ് നല്കി. ചൈനീസ് വിദേശകാര്യ മന്ത്രി നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഈ വിഷയത്തില്‍ അനുകൂലമായ തീരുമാനം എടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചത്. ഏകദേശം ഒരു വര്‍ഷമായി ചൈന ഇന്ത്യയിലേക്കുള്ള ഇവയുടെ ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ചരക്ക് നീക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചതായും അധികൃതര്‍ സൂചിപ്പിച്ചു. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ വളത്തിന്റെ 30 ശതമാനവും, വാഹന നിര്‍മ്മാണത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കുമുള്ള റെയര്‍ എര്‍ത്ത് മിനറല്‍സും, റോഡ്-നഗര അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുരങ്ക നിര്‍മാണ യന്ത്രങ്ങളും പ്രധാനമായും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍, ഈ നിയന്ത്രണങ്ങള്‍ നീക്കിയത് ഇന്ത്യക്ക് വലിയ നേട്ടമാണ്.
റെയര്‍ എര്‍ത്ത് മിനറല്‍സിന്റെ പ്രാധാന്യം
ചൈന സമാരിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്പ്രോസിയം, ലുട്ടേഷ്യം, സ്കാന്‍ഡിയം, ഇട്രിയം എന്നിങ്ങനെ ഏഴ് പ്രധാന അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇവ നിയോഡൈമിയം അയണ്‍ ബോറോണ്‍, സമാരിയം-കോബാള്‍ട്ട് , പോലുള്ളവ നിര്‍മ്മിക്കാന്‍ അത്യാവശ്യമാണ്. ഇലക്ട്രിക് വാഹനങ്ങളില്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്സിന് ചൈനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത് (ഏകദേശം 80% ). ഒരു ഇലക്ട്രിക് വാഹനത്തിന് ഏകദേശം 0.8 കിലോഗ്രാം, ഹൈബ്രിഡ് വാഹനത്തിന് 0.5 കിലോഗ്രാം, പെട്രോള്‍/ഡീസല്‍ വാഹനത്തിന് 0.1 കിലോഗ്രാം എന്നിങ്ങനെയാണ് ശരാശരി റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്സ ഉപയോഗിക്കുന്നത്. നിയന്ത്രണം നീക്കുന്നത് രാജ്യത്തെ വാഹന മേഖലയ്ക്ക് ഏറെ ആശ്വാസകരമാണ്.
ചൈനയില്‍ കുടുങ്ങിയ തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലെ തുരങ്ക നിര്‍മാണത്തിന് ആവശ്യമായ മൂന്ന് കൂറ്റന്‍ ടണല്‍ ബോറിംഗ് മെഷീനുകള്‍ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത് നേരത്തെ ചൈന തടഞ്ഞിരുന്നു. ഇത് കാരണം ഇന്ത്യയുടെ ആദ്യ അതിവേഗ റെയില്‍ പദ്ധതിക്ക് കാലതാമസം നേരിട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ടണലിംഗ് വിദഗ്ദ്ധരായ ഹെറന്ക്നെക്റ്റില് നിന്നാണ് യന്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തതെങ്കിലും, അവ നിര്‍മ്മിച്ചത് ചൈനയിലെ ഗ്വാങ്ഷുവിലുള്ള അവരുടെ നിര്‍മാണ ശാലയിലാണ്. ഇതില്‍ രണ്ട് മെഷീനുകള്‍ 2024 ഒക്ടോബറോടെയും ഒന്ന് ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ എത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ചൈനീസ് അധികൃതര്‍ വ്യക്തമായ കാരണങ്ങളൊന്നും പറയാതെ ഇവ കയറ്റി അയയ്ക്കുന്നതിന് അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു. റെയില്‍വേ മന്ത്രാലയം ഈ വിഷയം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇവയുടെ ഇറക്കുമതി അനുവദിക്കുമെന്ന് ചൈനയുടെ പ്രഖ്യാപനം പദ്ധതിക്ക് ഗുണകരമാണ്.
കാര്‍ഷിക മേഖലയ്ക്ക് ആശ്വാസം
വെള്ളത്തില്‍ ലയിക്കുന്നതും സാവധാനം വിഘടിക്കുന്നതുമായ വളങ്ങള്‍, സൂക്ഷ്മ പോഷക വളങ്ങള്‍, മറ്റ് ഉയര്‍ന്ന ഗുണനിലവാരമുള്ള വളങ്ങള്‍ എന്നിവയുടെ കണ്ടെയ്നറുകള്‍ ചൈനീസ് തുറമുഖങ്ങളില്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവയ്ക്ക് ഈ വളങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രത്യേക വളങ്ങളുടെ 80 ശതമാനവും ചൈനയില്‍ നിന്നാണ്. ഔദ്യോഗികമായി ഒരു നിരോധനവും ഇല്ലെങ്കിലും, ചൈനീസ് അധികാരികള്‍ പരിശോധനകളും നടപടിക്രമങ്ങളിലെ കാലതാമസവും ഉപയോഗിച്ച് കയറ്റുമതി തടയുകയായിരുന്നു. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നടീല്‍ സീസണില്‍ ഇന്ത്യ സാധാരണയായി 1,50,000 മുതല്‍ 1,60,000 ടണ്‍ വരെ വളങ്ങള്‍ ഇറക്കുമതി ചെയ്യാറുണ്ട്.
