
ദില്ലി:ജസ്റ്റിസ് സുദര്ശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്ശൻ റെഡ്ഡി.
കോൺഗ്രസാണ് യോഗത്തിൽ ജസ്റ്റിസ് സുദര്ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. തുഷാര്‍ ഗാന്ധിയുടെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു. സുദര്ശൻ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെയാണ് ഇന്ത്യാ സഖ്യം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ജസ്റ്റിസ് സുദര്ശൻ റെഡ്ഡി
സുദർശൻ റെഡ്ഡി 1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിൽ ജനിച്ചു. 1971ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ ആറു മാസം കേന്ദ്ര സർക്കാരിന്റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് രണ്ടിന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബർ അഞ്ചിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ എട്ടുവരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.
