
ദില്ലി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. അലാസ്കയിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രസിഡന്റ് പുടിൻ മോദിയുമായി പങ്കുവെച്ചതായാണ് വിവരം. വിവരങ്ങൾ കൈമാറിയതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനോട് നന്ദി പറഞ്ഞു. യുക്രൈനിലെ സംഘർഷം സമാധാനപരമായ മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാവൂ എന്ന ഇന്ത്യയുടെ വ്യക്തവും സ്ഥിരവുമായ നിലപാട് അദ്ദേഹം അടിവരയിട്ടു. നയതന്ത്രത്തെയും ചർച്ചയെയുമാണ് ഇന്ത്യ പിന്തുണക്കുന്നതെന്നും ഇന്ത്യ അറിയിച്ചു.
പുട്ടിനുമായുള്ള സംഭാഷണത്തെക്കുറിച്ച് മോദി പിന്നീട് എക്സിൽ പോസ്റ്റ് ചെയ്തു. അലാസ്കയിൽ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതിന് സുഹൃത്ത് പുടിനോട് നന്ദിയുണ്ടെന്നും ഉക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനായി ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്യുകയും ഇക്കാര്യത്തിൽ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും മോദി അറിയിച്ചു. ഇരു നേതാക്കളും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും തന്ത്രപരമായ പങ്കാളിത്തം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താമെന്നും ചർച്ച ചെയ്തു. വ്യത്യസ്ത മേഖലകളിലെ സഹകരണം തുടർന്നും വളരണമെന്ന് ഇരുവരും സമ്മതിച്ചു.
ശക്തമായ സഹകരണം ഇരു രാജ്യങ്ങൾക്കും ഒന്നിലധികം മേഖലകളിൽ ഗുണം ചെയ്യുമെന്ന് ഇരുവരും പറഞ്ഞു. ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും വരും ദിവസങ്ങളിൽ കൂടുതൽ ഏകോപനം ഉറപ്പാക്കുന്നതിനും ഇരു നേതാക്കളും സമ്മതിച്ചു. അലാസ്ക ഉച്ചകോടിക്ക് മൂന്ന് ദിവസത്തിന് ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം നടന്നത്.
