
മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണ കേസുകളില്‍ രണ്ട് വിദേശികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവും 2,000 ദിനാര്‍ വീതം പിഴയും വിധിച്ചു.
ഇരയായ വിദേശി യുവതിയെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ചെലവ് ഇവരില്‍നിന്ന് ഈടാക്കും. കൂടാതെ ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.
വ്യാജ ജോലി വാഗ്ദാനം ചെയ്താണ് പ്രതികള്‍ യുവതിയെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോള്‍ ഒരു അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഉടന്‍ അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുകയും ഇരയെ നാഷണല്‍ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗിന് കീഴിലുള്ള ഷെല്‍ട്ടറിലേക്ക് മാറ്റുകയും ചെയ്തു.
അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്തി. പിന്നീട് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷവിധിച്ചത്.
