
മനാമ: 2025 ഒക്ടോബര്‍ 22 മുതല്‍ 31 വരെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈനില്‍ നടക്കുന്ന മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ നടത്തിപ്പിനുള്ള കരാറില്‍ എക്സിബിഷന് വേള്‍ഡ് ബഹ്റൈനും (ഇ.ഡബ്ല്യു.ബി) മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഒപ്പുവെച്ചു. രാജ്യത്ത് ആദ്യമായാണ് ഏഷ്യന്‍ യൂത്ത് ഗെയിംസ് നടക്കുന്നത്.
ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇ.ഡബ്ല്യു.ബി. ചെയര്‍പേഴ്സണും സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗവുമായ സാറ അഹമ്മദ് ബുഹിജി, ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സെക്രട്ടറി ജനറലും സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗവുമായ ഫാരിസ് മുസ്തഫ അല്‍ കൂഹെജി എന്നിവരുടെ സാന്നിധ്യത്തില്‍ സാഖിറിലെ ഇ.ഡബ്ല്യു.ബി. ആസ്ഥാനത്താണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് യൂസഫ് ദുഐജും ഇ.ഡബ്ല്യു.ബി. ജനറല്‍ മാനേജര്‍ അലന് പ്രയറുമാണ് കരാറില്‍ ഒപ്പുവെച്ചത്.
