
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ‘സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കും അതിനപ്പുറവും പ്രാദേശിക യുവജന പ്രവര്‍ത്തനങ്ങള്‍’ എന്ന പ്രമേയത്തില്‍ യൂത്ത് സിറ്റി 2030 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്, ലേബര്‍ ഫണ്ട് (തംകീന്‍) ചീഫ് എക്സിക്യൂട്ടീവ് മഹ അബ്ദുല്‍ ഹമീദ് മൊഫീസ്, യുവജനകാര്യ മന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖി എന്നിവരും നിരവധി ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ബഹ്റൈന്‍ യുവാക്കളുടെ അവബോധം, അഭിലാഷം, സര്‍ഗ്ഗാത്മകത എന്നിവ പ്രതിഫലിപ്പിക്കുന്ന അവരുടെ സംഭാവനകളില്‍ യുവജനകാര്യ മന്ത്രി അഭിമാനം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തിനും നവീകരണത്തിനുമുള്ള അഭിനന്ദനവും ആത്മവിശ്വാസവും ഉള്‍ക്കൊള്ളുന്നതാണ് ആഘോഷമെന്ന് അവര്‍ പറഞ്ഞു.
ഇന്‍ജാസ് ബഹ്റൈന്‍ പദ്ധതികളുടെ അവതരണങ്ങളും 2025ലെ യുവ സംരംഭക മത്സരത്തിലെ വിജയികളായ കമ്പനികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ഫൈസല്‍ അല്‍ അന്‍സാരിയുടെ ‘നഗ്മത്ത് അല്‍ഷബാബ്’ എന്ന കലാപ്രകടനത്തോടെയാണ് ആഘോഷംഅവസാനിച്ചത്.
