
മനാമ: ബഹ്റൈനില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയായ ഏഷ്യക്കാരന് കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു. ഇയാളില്‍നിന്ന് പിടിച്ചെടുത്ത കഞ്ചാവ് കണ്ടുകെട്ടാനും ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഒരു പ്രശസ്ത കമ്പനിയില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. പാര്‍സലില്‍ ഒളിപ്പിച്ച കഞ്ചാവ് വിമാനമാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് അമേരിക്കയില്‍നിന്ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മേക്കപ്പ് സാമഗ്രികളുടെ പാര്‍സലില്‍ മൂന്നു കവറുകളിലായി ഒളിപ്പിച്ചുവെച്ച 1.016 കിലോഗ്രാം കഞ്ചാവ് പരിശോധനയില്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെത്തുകയായിരുന്നു.
പാര്‍സല്‍ ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് വിപണന ശൃംഖലയിലെ കണ്ണിയാണെന്ന് വ്യക്തമായത്.
