
ദില്ലി: രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കുള്ള മാർച്ചിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യം രാജ്യത്തിന് മുന്നിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യം വിജയിക്കുമെന്നാണ് മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. പൊലീസ് വാഹനത്തിലിരുന്ന് പ്രിയങ്ക ഗാന്ധി മോദി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. മാർച്ചിനിടെ മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള എംപിമാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പ്രതിഷേധത്തിനിടെ മിതാലി ബാഗ് എംപി കുഴഞ്ഞുവീണു. ചികിത്സ നൽകണമെന്ന് എംപിമാര് ആവശ്യപ്പെട്ടു.
വോട്ടർ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
30 പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിരുന്നു. എന്നാൽ എല്ലാ എം പിമാരെയും കമ്മീഷൻ കാണണം എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിന്നതോടെ കൂടിക്കാഴ്ച നടന്നില്ല. വോട്ടർ പട്ടിക ക്രമക്കേടിൽ രാജ്യ വ്യാപക പ്രക്ഷോഭത്തിന് രൂപം നൽകാൻ കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കന്മാരുടെയും ഇന്ന് യോഗം ചേരുന്നുണ്ട്. വൈകീട്ട് നാലരക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം.
വോട്ട് കൊള്ള ആരോപണം കടുപ്പിച്ച് പ്രതിപക്ഷം
കർണാടകയിലെയും മഹാരാഷ്ട്രയിലെയും വോട്ടർ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടി പോരാട്ടം തുടങ്ങിയ രാഹുൽ, തന്റെ പ്രചാരണത്തിന് ദേശീയ പിന്തുണ തേടിയുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ലോക്സഭ പ്രതിപക്ഷ നേതാവിന്റെ മുന്നേറ്റം. ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റ് ആരംഭിച്ചുകൊണ്ടാണ് പ്രചാരണം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനും ഡിജിറ്റൽ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നതായി രാഹുൽ പറഞ്ഞു. വോട്ട്ചോരി ഡോട്ട് ഇൻ എന്ന പേരിലുള്ള വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാനാണ് രാഹുലിന്റെ ആഹ്വാനം. മിസ്ഡ് കോളിലൂടെയും പ്രചാരണത്തിൽ ചേരാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഡിജിറ്റൽ വോട്ടർ പട്ടിക പുറത്തുവിടേണ്ടത് തെരഞ്ഞെടുപ്പ് രംഗത്ത് സുതാര്യത ഉറപ്പാക്കാൻ അനിവാര്യമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിക്ക് ഈ വിഷയത്തിൽ സഖ്യകക്ഷികളുടെ പിന്തുണയേറുകയാണ്. രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങൾ സ്ഫോടനാത്മകമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ ഇഷ്ടക്കാരെ നിറച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രം നിയന്ത്രിക്കുകയാണെന്നും സിപിഎം ആരോപിച്ചു. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങി കോൺഗ്രസുമായി നേരത്തെ തെറ്റി നിന്ന പാർട്ടികളും ഇക്കാര്യത്തിൽ ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചു നിൽക്കുന്നത് രാഹുൽ ഗാന്ധിക്ക് നേട്ടമാകും. ബീഹാറിൽ സപ്തംബർ ഒന്നിന് നടക്കുന്ന മഹാറാലി പ്രതിപക്ഷ പാർട്ടികളുടെ ഐക്യപ്രഖ്യാപനമാകും.
