
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കേസെടുക്കട്ടെ, നോട്ടീസ് കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ആരോപണത്തിൽ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.
കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയാണ് കോൺഗ്രസ്. വോട്ടർ പട്ടിക ക്രമക്കേട് നടന്നതിന്റെ വ്യക്തമായ രേഖകൾ കയ്യിലുണ്ടെന്നും ജനങ്ങളിലേക്ക് ഇറങ്ങുമെന്നുമാണ് കോൺഗ്രസ് നിലപാട്. ചോദ്യം ചോദിച്ചവരെ കുറ്റപ്പെടുത്താനാണ് നിലവിലെ ശ്രമം. രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങൾ അല്ലേ കമ്മീഷൻ അന്വേഷിക്കേണ്ടത്. സത്യം മൂടി വെക്കാൻ ആകില്ല. മറുപടി തരേണ്ടത് കമ്മീഷനാണെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
കർണ്ണാടകയിൽ ശകുൻ റാണി എന്ന സ്ത്രീ രണ്ട് വോട്ട് ചെയ്തു എന്ന ആരോപണത്തിന് തെളിവ് നല്കാന് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിപക്ഷ നേതാവ് നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുൽ കാണിച്ച രേഖകൾ പോളിംഗ് ഉദ്യോഗസ്ഥൻ്റേതല്ലെന്നും കമ്മീഷൻ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കമ്മീഷൻ ആദ്യം നല്കട്ടെ എന്ന് കോൺഗ്രസ് പ്രതികരിച്ചു.
വോട്ടർ പട്ടികയിൽ അഞ്ച് തരത്തിലെ തട്ടിപ്പാണ് വാർത്താസമ്മേളനത്തിന് വ്യാഴാഴ്ച രാഹുൽ ഗാന്ധി വിശദീകരിച്ചത്. പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം സിക്സ് ദുരുപയോഗം ചെയ്യുന്നതിനാണ് ശകുൻ റാണി എന്ന 70 കാരിയുടെ ഇരട്ട വോട്ട് രാഹുൽ ചൂണ്ടിക്കാണിച്ചത്. ഇവർ രണ്ടിടത്തും വോട്ട് ചെയ്തു. അല്ലെങ്കിൽ ശകുൻ റാണിക്കായി ആരോ വോട്ട് ചെയ്തു എന്നും രാഹുൽ പറഞ്ഞു. ഇതിന് ടിക് മാർക്കുള്ള രണ്ടുള്ള രേഖകൾ രാഹുൽ കാണിച്ചിരുന്നു.
എന്നാൽ പോളിംഗ് ഉദ്യോഗസ്ഥൻ്റെ രേഖയല്ല ഇതെന്നാണ് കർണ്ണാടക സിഇഒ രാഹുലിനയച്ച കത്തിൽ വിശദീകരിക്കുന്നത്. ശകുൻ റാണി രണ്ട് വട്ടം വോട്ട് ചെയ്തിട്ടില്ല എന്നാണ് കമ്മീഷനെ അറിയിച്ചത്. ഈ സാഹചര്യത്തിൽ രാഹുൽ കാണിച്ച രേഖ ഏത് എന്ന ചോദ്യമാണ് സിഇഒ ഉന്നയിക്കുന്നത്, രാഹുൽ തെളിവ് ഹാജരാക്കിയാൽ അന്വേഷിക്കാം എന്നും സിഇഒ കത്തിൽ അറിയിക്കുന്നുണ്ട്. പുതിയ വോട്ടർക്കുള്ള ഫോം 6 ഇവരുടെ പേരിൽ ദുരുപയോഗം ചെയ്തു എന്നതിൽ എന്താണ് മറുപടിയെന്ന് കോൺഗ്രസ് ചോദിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കോൺഗ്രസ് തിരിച്ചടിച്ചു.
