
ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരു ‘സർവ്വാധികാരി’ക്ക് ഇന്ത്യയുടെ ഉയർച്ച ഇഷ്ടപ്പെടുന്നില്ലെന്നും മേക്ക് ഇന് ഇന്ത്യ ഉത്പന്നങ്ങൾക്ക് വില ഉയർത്താനാണ് ചിലരുടെ ശ്രമമെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. ഒരു ശക്തിക്കും ഇന്ത്യയുടെ വളർച്ച തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം, ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ ട്രംപിൻ്റെ നീക്കത്തിന് തിരിച്ചടി നൽകാൻ ആലോചിക്കുകയാണ് ഇന്ത്യ. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ – യുഎസ് ചർച്ചകളിൽ ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയർന്നു വരാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിൻ്റെ ഉത്തരവ് വന്നത്. നാല് ദിവസത്തിനിപ്പുറവും ഇത് പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല.
അമേരിക്കൻ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നല്കുന്നത്. എന്നാൽ ഇതുമാത്രം മതിയാകില്ല എന്ന വികാരം ബിജെപിയിലും ആർഎസ്എസിലും ശക്തമാകുകയാണ്. അമേരിക്കൻ ഉല്പന്നങ്ങൾക്കും ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കണം എന്ന നിർദ്ദേശം ശക്തമാണ്. അമേരിക്കയിൽ നിന്നുള്ള അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനത്തിന് മുകളിൽ തീരുവ ഏർപ്പെടുത്താനുള്ള ശുപാർശ കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലോകവ്യാപാര കരാറിൻറെ ലംഘനമാണ് അമേരിക്ക നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഇതിനകം ഇന്ത്യ പരാതി നല്കിയിട്ടുണ്ട് എന്നാണ് സൂചന. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന തുണിത്തരങ്ങൾക്കും തീരുവ കുത്തനെ ഉയർത്താനുള്ള നിർദേശവും പരിഗണനയിലാണ്.
