
ദോഹ: 2026 ഫിഫ ലോകകപ്പ് കാണാന്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തറിലെ യു എസ് എംബസി. ഫുട്ബോള്‍ പോരാട്ടം നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കുള്ള അപേക്ഷ നല്കാന് ക്ഷണിച്ചിരിക്കുകയാണ് യു എസ് എംബസി. ഖത്തരി പൗരന്മാര്ക്കും താമസക്കാര്‍ക്കും രണ്ട് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് യു എസ് വിസയ്ക്ക് അപേക്ഷിക്കാനാവുക. ഖത്തരി പൗരന്മാര് യാത്രയുടെ 72 മണിക്കൂര്‍ മുമ്പെങ്കിലും ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ (ഇഎസ്ടിഎ) അപേക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.
വിസ വൈവര്‍ പ്രോഗ്രാമിലുള്ള 41 രാഷ്ട്രങ്ങളിലെ പൗരന്മാര്ക്ക് മാത്രമേ ഇ.എസ്.ടി.എ വഴി യു.എസ് വിസക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഓതറൈസേഷന്‍ ഉള്ള രാജ്യങ്ങളിലെ പൗരന്മാര്ക്ക് ബിസിനസ് ആവശ്യാര്‍ത്ഥമോ വിനോദ സഞ്ചാരത്തിന്റെ ഭാഗമായോ 90 ദിവസം വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കും. ഖത്തറില്‍ താമസിക്കുന്ന വിസ വൈവര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടാത്ത രാജ്യക്കാര്‍ സാധാരണഗതിയിലുള്ള സന്ദര്‍ശക വിസാ അപേക്ഷയാണ് നല്‍കേണ്ടത്. ഇവര്‍ മുന്‍കൂട്ടിത്തന്നെ യാത്രക്കായി തയാറെടുക്കണം.
യു.എസ് വിസ ആവശ്യമുള്ളവര്‍ കാലതാമസം ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് തന്നെ അപേക്ഷിക്കണമെന്ന് എംബസി അറിയിച്ചു. യു.എസ്, കനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നത് യു.എസിലാണ്.
