
കോഴിക്കോട്: പേരാമ്പ്രയില്‍ വയോധിക മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
കൂത്താളി തൈപ്പറമ്പില്‍ പത്മാവതി(65)യുടെ മരണത്തിലാണ് മകന് ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകന് ലിനീഷ് മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
വീണു പരിക്കു പറ്റിയെന്ന് മകന് ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്നാണ് പത്മാവതിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരിക്കുകള്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നതോടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ടം നടത്തി.
മദ്യലഹരിയില്‍ വീട്ടിലെത്തുന്ന ഇളയ മകന് ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവമേല്പ്പിക്കാറുണ്ടെന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. സംസ്കാരം കഴിഞ്ഞ ശേഷം ലിനീഷിനെ ചോദ്യം ചെയ്ത പോലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തലയ്ക്കു പിറകിലേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സാമ്പത്തിക പ്രശ്നത്തിന്റെ പേരില്‍ ലിനീഷ് വീട്ടില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. പല ദിവസങ്ങളിലും പത്മാവതി അടുത്ത വീട്ടിലായിരുന്നു ഉറങ്ങിയിരുന്നത്. മദ്യപിച്ചെത്തുന്ന ലിനീഷ് ഇവരെ ആക്രമിക്കുകയും വീട്ടില്‍നിന്ന് പുറത്താക്കി വാതിലടയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. പിതാവ് സൈന്യത്തിലായിരുന്നതിനാല്‍ ലഭിച്ചിരുന്ന പെന്‍ഷനും സ്വത്തിനും വേണ്ടിയുള്ള തര്‍ക്കമായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം.
അമ്മ സഹോദരന് മാത്രം പണം നല്കുകന്നതായും ലിനീഷ് ആരോപിച്ചിരുന്നു. ഇതിന്റെ പേരിലും മര്‍ദനം നടന്നതായി നാട്ടുകാര്‍പറയുന്നു.
