
മോസ്കോ/ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ അറിയിച്ചു. റഷ്യൻ സന്ദർശനത്തിനിടെയാണ് ഡോവൽ ഇക്കാര്യം അറിയിച്ചത്. അതേസമയം തീയതി തീരുമാനിച്ചിട്ടില്ല. എന്നാൽ ഈ വർഷം അവസാനം അത് നടക്കുമെന്ന് ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അമേരിക്ക ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിലാണ് റഷ്യ ഇന്ത്യ സന്ദർശിക്കുമെന്ന വാർത്ത പുറത്തുവന്നത്.
ഇന്ത്യക്കും റഷ്യക്കും ഇടയിൽ സവിശേഷവും ദീർഘകാലവുമായ ബന്ധമുണ്ട്. ബന്ധത്തെ ഞങ്ങൾ വിലമതിക്കുന്നു. ഉന്നതതല ഇടപെടലുകൾ വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് അറിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സന്ദർശനം. റഷ്യയിൽ നിന്ന് ഊർജ്ജം വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്നിനെതിരായ യുദ്ധത്തെ സഹായിക്കുകയാണെന്നും ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ താളം തെറ്റിച്ചെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചു. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ സമ്മതിച്ചില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്നവരെ ദ്വിതീയ താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തി.
