
ദില്ലി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്കെതിരെ 25 ശതമാനം അധിക താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. നടപടിയെ “അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും” എന്ന് വിശേഷിപ്പിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് ഇതോടെ 50 ശതമാനമായി ഉയരും.
‘റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ അമേരിക്ക അടുത്ത ദിവസങ്ങളിൽ ലക്ഷ്യമിട്ടിരിക്കുകയാണ്, തങ്ങളുടെ ഇറക്കുമതി, വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. മറ്റ് പല രാജ്യങ്ങളും തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ചെയ്യുന്ന കാര്യങ്ങൾക്കു വേണ്ടി ഇന്ത്യക്കെതിരെ അധിക താരിഫ് ചുമത്താൻ യുഎസ് തീരുമാനിച്ചത് നിർഭാഗ്യകരമാണ്. ഈ നടപടികൾ അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് ഞങ്ങൾ ആവർത്തിക്കുന്നു. ഇന്ത്യ തന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും’ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു.
യുക്രെയ്ൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇത് വഴി ഇന്ത്യ റഷ്യയെ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. നേരത്തെ ഇന്ത്യയുടെ ചരക്കുകൾക്ക് അമേരിക്ക 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് വീണ്ടും 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയത്. ഇതോടെ തീരുവ 50 ശതമാനമാകും. മൂന്നാഴ്ച്ചക്കുള്ളിൽ ഇത് നിലവിൽ വരും. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
