
മനാമ: 2025ലെ ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ബഹ്റൈന്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി സൊസൈറ്റിയുമായി സഹകരിച്ച് സര്‍ക്കാര്‍ ആശുപത്രി വകുപ്പ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
മാതൃ-ശിശു ആരോഗ്യം പ്രോത്സാഹിപ്പിക്കാനും മുലയൂട്ടലിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും മുലയൂട്ടലിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ച് ഗര്‍ഭിണികളെയും പുതിയ അമ്മമാരെയും പ്രോത്സാഹിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതിലൂടെ സുസ്ഥിര ആരോഗ്യ വികസനത്തെ പിന്തുണയ്ക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണിത്.
‘മുലയൂട്ടലിന് മുന്‍ഗണന നല്‍കുക: സുസ്ഥിര പിന്തുണാ സംവിധാനങ്ങള്‍ സൃഷ്ടിക്കുക’ എന്ന ഈ വര്‍ഷത്തെ ആഗോള പ്രമേയത്തിന് കീഴില്‍ നടന്ന പരിപാടിയില്‍ ശരിയായ മുലയൂട്ടല്‍ രീതികളെയും പാല് സംഭരണ രീതികളെയും കുറിച്ചുള്ള സംവേദനാത്മക ശില്‍പ്പശാലകളും കൂടിയാലോചനകളുമുണ്ടായിരുന്നു.
