
മനാമ: വിമാനത്താവളത്തിലെ ദുരന്ത നിവാരണത്തിനായുള്ള ‘ഗെറ്റ് എയര്‍പോര്‍ട്ട്സ് റെഡി ഫോര്‍ ഡിസാസ്റ്റര്‍ (ഗാര്‍ഡ്)’ പദ്ധതിക്ക് ബഹ്റൈനില്‍ തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രിയും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദ്ദേശമനുസരിച്ചാണിത്.
പബ്ലിക് സെക്യൂരിറ്റി മേധാവിയും നാഷണല്‍ കമ്മിറ്റി ഫോര്‍ സിവില്‍ എമര്‍ജന്‍സി മാനേജ്മെന്റ് ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന് പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഔദ്യോഗിക ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി), ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി (യു.എന്‍.ഡി.പി), ആഗോള ലോജിസ്റ്റിക്സ് പ്രമുഖരായ ഡി.എച്ച്.എല്‍. എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അപകടങ്ങളെ നേരിടാനുള്ള സംയോജിത പ്രതികരണ പദ്ധതികള്‍ വികസിപ്പിച്ചുകൊണ്ടും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന ലോജിസ്റ്റിക്കല്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിമാനത്താവളങ്ങളിലെ പ്രതിസന്ധി മാനേജ്മെന്റ് പ്രോട്ടോക്കോളുകള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടും വ്യോമയാന മേഖലയിലെ ദുരന്തനിവാരണ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് ഗാര്‍ഡ് പദ്ധതി ലക്ഷ്യമിടുന്നത്.
കൂടുതല്‍ കാര്യക്ഷമവും പ്രതിരോധശേഷിയുള്ളതുമായ ഒരു ദേശീയ ദുരന്ത നിവാരണ സംവിധാനം കെട്ടിപ്പടുക്കുക എന്ന ബഹ്റൈന്‍ ഗവണ്മെന്റിന്റെ ലക്ഷ്യത്തെയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് പൊതു സുരക്ഷാ മേധാവി പറഞ്ഞു.
