
മനാമ: ബഹ്റൈനില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ തുടങ്ങി.
വ്യവസ്ഥകള്‍ കടുപ്പിച്ചുകൊണ്ട് ഭേദഗതി ചെയ്ത റോഡ് നിയമങ്ങള്‍ ഇനി നടപ്പാക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശമനുസരിച്ചാണിത്.
കര്‍ശനമായ നിയമനടപടികളും ബോധവല്‍ക്കരണ പരിപാടികളും ഒരുമിച്ചാണ് നടപ്പാക്കുന്നത്. അപകടകരമായ ഡ്രൈവിംഗ് രീതികള്‍ തടയാന്‍ ട്രാഫിക് നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.
പുതിയ ഭേദഗതി പ്രകാരം ജീവന് അപകടത്തിലാക്കുന്ന തരത്തിലോ അശ്രദ്ധമോ ആയി ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. അമിത വേഗത, ചുവപ്പ് സിഗ്നല്‍ മറികടക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, തെറ്റായ ദിശയില്‍ സഞ്ചരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയും ചുമത്തും. അപകടങ്ങളില്‍ പരിക്കോ മരണമോ ഉണ്ടായാല്‍ പിഴ വര്‍ധിപ്പിക്കും.
