
ദില്ലി : ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി. കേന്ദ്രം കനിഞ്ഞാൽ മാത്രമേ കന്യാസ്ത്രീകൾക്ക് ജയിൽ മോചിതരാകാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.ഛത്തീസ്ഘഢ് സർക്കാർ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്നും
സഭയുടെ ആശങ്ക പരിഹരിക്കപ്പെടുന്നില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. നീതി നിഷേധത്തിന്റെ ആവർത്തനമാണ് നടക്കുന്നത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ കേന്ദ്രം ഇടപെടണം. നിയമക്കുരുക്കിൽ കാര്യങ്ങൾ എത്തിച്ച് കഴിഞ്ഞു. അതിനുള്ള ശ്രമമാണ് ഇവിടത്തെ ഭരണകൂടം നടത്തുന്നത്. സഭകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയോടും അമിത താൽപര്യമില്ല. ഒരു അനീതി നടക്കുന്നു. സഭകളുടെ ആശങ്ക പരിഗണിക്കപ്പെടുന്നില്ലെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.
അതേ സമയം, ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കായി ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. ഹൈക്കോടതിയെയോ സമീപിക്കാനാണ് നീക്കം. പാർലമെന്റിൽ ഇന്നും പ്രശ്നം ഉന്നയിക്കാനാണ് കോൺഗ്രസ് അടക്കം പ്രതിപക്ഷത്തിന്റെ തീരുമാനം. യുഡിഎഫ് എംപിമാർ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണും. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് അമിത് ഷാ വിവരങ്ങൾ തേടി. പ്രധാനമന്ത്രിയുമായും വിഷയം ചർച്ച ചെയ്തെന്ന് സൂചന.
