
ബെംഗളൂരു: ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി. 5 പോയിന്റുകളില് പരിശോധന നടത്തിയിട്ടും അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഒന്നും പറയാനാകില്ലെന്നും എസ് ഐ ടി തലവൻ പ്രണബ് മോഹന്തി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡി ഐ ജി അനുചേത് അറിയിച്ചു. ഇതുവരെ 13 പോയിന്റുകളാണ് മൃതദേഹം കുഴിച്ചിട്ടതായി സാക്ഷി ചൂണ്ടിക്കാണിച്ചത്.
ധർമസ്ഥലയിൽ നൂറോളം മൃതദേഹം കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയ മുൻ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാണിച്ച് നൽകിയ ഇടങ്ങളിൽ ഇന്നും കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നുെം കണ്ടെത്താനായില്ല. ഇന്നലെ ധർമസ്ഥലയിലെ 13 ഇടങ്ങളാണ് സാക്ഷിയായി കണക്കാക്കുന്ന മുൻ ശുചീകരണത്തൊഴിലാളി പ്രത്യേകാന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ച് നൽകിയത്. സാക്ഷി കാണിച്ചുകൊടുത്ത എല്ലാ സ്പോട്ടുകളിലും പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ജിയോ ടാഗിംഗ് നടത്തിയിട്ടുണ്ട്. ഇതിൽ എട്ടാമത്തെ സ്പോട്ട് നേത്രാവതി നദിയിലെ സ്നാനഘട്ടത്തിന് അടുത്തും പതിമൂന്നാമത്തെ സ്പോട്ട് റോഡരികിലുമാണ്. മറ്റെല്ലാം വനമേഖലയിലോ കാട് മൂടിക്കിടക്കുന്ന ഇടങ്ങളിലോ ആണ്. ചില സ്പോട്ടുകൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉള്ളതാണ്.
ജിയോ ടാഗിംഗിനൊപ്പം സർവേക്കല്ലിന് സമാനമായ ഒരു അടയാളവും ഈ ഭൂമിയിൽ പതിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന് കീഴിലും വനംവകുപ്പിന് കീഴിലുമുള്ള സ്ഥലങ്ങളുണ്ട്. ധർമസ്ഥല ട്രസ്റ്റിന് കീഴിലോ മറ്റ് സ്വകാര്യവ്യക്തികളുടെ പേരിലോ ഉള്ള ഭൂമിയിലെ സ്പോട്ടുകൾ കുഴിച്ച് പരിശോധിക്കുന്നത് അന്വേഷണ സംഘത്തിന് മുന്നിൽ വെല്ലുവിളിയാണ്. ഇതിന് കോടതിയുടെ പ്രത്യേക അനുമതി വേണ്ടി വരും. താൻ മൃതദേഹം മറവ് ചെയ്ത ഇടത്ത് നിന്ന് കുഴിച്ചെടുത്തതെന്ന് അവകാശപ്പെട്ട് സാക്ഷി കോടതിയിൽ നൽകിയ തലയോട്ടിയിലെയും അതിൽ പറ്റിയിട്ടുള്ള മണ്ണിന്റെയും ഫൊറൻസിക് പരിശോധനയും തുടങ്ങിയിട്ടുണ്ട്.
