
മനാമ: 20 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ബഹ്റൈനി സ്ത്രീക്ക് ഉന്നത ശരീഅത്ത് കോടതി പിന്‍വലിക്കാനാവാത്ത വിവാഹമോചനം അനുവദിച്ചു.
2004ല്‍ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു രാജ്യം വിട്ട വ്യക്തി പിന്നീട് തിരിച്ചുവരികയോ കുടുംബവുമായി ബന്ധം പുലര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തി. കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റണമെന്ന കീഴ്ക്കോടതി വിധി ലംഘിക്കുകയും ചെയ്തു.
ഈ കാലയളവില്‍ ഭര്‍ത്താവ് തന്റെ കക്ഷിക്ക് സാമ്പത്തിക പിന്തുണ നല്‍കിയിട്ടില്ലെന്നും കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും സ്ത്രീക്ക് വേണ്ടി ഹാജരായ അഭിഭാഷക സാദിഖ അല്‍ മുവാലി കോടതിയെ അറിയിച്ചു. ഇതു കാരണം തന്റെ കക്ഷിക്ക് അവരുടെ കുടുംബത്തെ ആശ്രയിക്കേണ്ടിവന്നു എന്നും അഭിഭാഷക പറഞ്ഞു.
ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം തങ്ങളാണ് സ്ത്രീയെ സംരക്ഷിച്ചതെന്ന് അവരുടെ ബന്ധുക്കള്‍ കോടതിയെ അറിയിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
