
ശബരിമല,പമ്പ, നിലക്കൽ ദേവസ്വങ്ങളിൽ പ്രസാദ നിർമ്മാണത്തിന് ആവശ്യമായ നെയ്യ് മിൽമയിൽ നിന്ന് വാങ്ങും. ഇത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിൽ ധാരണയിലെത്തി. ഇത് സംബന്ധിച്ച കരാർ ഉടൻ ഒപ്പിടും. ശബരിമലയിലെ അരവണ, ഉണ്ണിയപ്പം എന്നിവയുടേയും പമ്പാ, നിലക്കൽ ദേവസ്വങ്ങളിലെ പ്രസാദങ്ങളുടെയും നിർമാണത്തിനാവശ്യമായ നെയ് ആണ് മിൽമ ലഭ്യമാക്കുക. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് മാത്രം പ്രസാദ നിർമ്മാണത്തിനായി രണ്ടുലക്ഷം ലിറ്റർ നെയ് ആവശ്യമാണ്. ഏറ്റവും ഗുണനിലവാരമുള്ള നെയ് തന്നെ ശബരിമലയിലെ പ്രസാദ നിർമ്മാണത്തിന് ഉപയോഗിക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മിൽമയുമായി ചർച്ച ചെയ്തു ധാരണയിലെത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശാന്ത്, അംഗം അഡ്വ. എ . അജികുമാർ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
