മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2-യുടെ പതിനാലാമത് ദിവസം വിദ്യാർത്ഥികൾക്ക് ആവേശം നിറഞ്ഞൊരു പഠനാനുഭവമായി.

അറബ് ഷിപ്ബിൽഡിംഗ് ആൻഡ് റിപയർ യാർഡ് (ASRY) സന്ദർശനം വിദ്യാർത്ഥികൾക്കും പരിശീലകർക്കും ഒരുപോലെ കൗതുകമുണർത്തി. കപ്പലുകളുടെ നിർമ്മാണം, പരിചരണം, ടാർഗറ്റ് മാനേജുമെന്റ് തുടങ്ങി വ്യവസായിക പ്രവർത്തനങ്ങളെ കുറിച്ച് നേരിൽ കണ്ടും ഉദ്യോഗസ്ഥരുമായി സംവദിച്ചും വലിയൊരു വിദ്യാഭ്യാസ അനുഭവമാണ് സംഘത്തിന് ലഭിച്ചത്.

വിദ്യാർത്ഥികൾക്ക് നിർമാണ രംഗത്തെ താത്പര്യങ്ങൾ വളർത്താനും പുതിയ തൊഴിൽ ദിശകളെ കുറിച്ച് ആലോചിക്കാനും പ്രചോദനമായ സന്ദർശനം, പഠനത്തോടൊപ്പം അനുഭവം കൂടി ചേർന്നപ്പോൾ വളർച്ചക്ക് പുതിയ വഴികളാണ് തുറന്നത്.

പ്രത്യേകമായി തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം, ഷിപ്പ് യാർഡിൽ ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന ടൂർ, സംശയ നിവാരണം എന്നിവ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും തങ്ങളുടെ കാഴ്ചപ്പാടുകളും ചോദ്യങ്ങളും തുറന്നു പറയാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു. ഷിപ്പ്യാർഡ് സേഫ്റ്റി ഓഫിസർ അഹമ്മദ് ദിൽഷാദ്, മുഹമ്മദ് ദർവേഷ് എന്നിവർ ഷിപ്പ് യാർഡ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്ത പരിപാടിയിൽ അസ്റി പബ്ലിക് റിലേഷൻ ടീം അംഗങ്ങളായ ഫാത്തിമ അൽ മാജിദ് , ഇമാൻ ഹമീദ്, മഹ്മൂദ് ഖുർബാൻ, നൂർ അൽ സാഖർ, തുടങ്ങിയവർ പങ്കെടുത്തു.


പ്രവാസ ജീവിതത്തിലെ പരിമിതികളെ മറികടന്ന് , വിദ്യാർത്ഥികളെ മൂല്യാധിഷ്ഠിത ആശയങ്ങളിൽ ഉറപ്പിച്ചു നിറുത്തി വ്യക്തിത്വ വികസനം , ലൈഫ് സ്കിൽസ്, ഹാബിറ്റ്സ് മോൾഡിങ്, ക്രീയേറ്റീവിറ്റി, ഫിനാൻഷ്യൽ മാനേജ്മന്റ്, ഡിജിറ്റൽ ലിറ്ററസി, തുടങ്ങിയവ അഭിവ്യദ്ധിപെടുത്താൻ വേണ്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റയുടെ ഭാഗമായി ഇനിയുള്ള ദിവസങ്ങളിലും വ്യത്യസ്ത അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് ഒരുക്കുന്നതായി ട്രൈനർമാരായ റസീം ഹാറൂൺ, ഹിഷാം അരീക്കോട്, അൻഷിദ് പാലത്ത് എന്നിവർ അറിയിച്ചു.

അഹമ്മദ് മേപ്പാട്ട് കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് അലി ,സെക്രട്ടറി മുജീബ് റഹ്മാൻ , കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ കോട്ടക്കൽ, ജാഫർ തറമ്മൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് റബീഹ് , സൈനബ ,
അര്ഷല ഷഫ്റി , അർഷിബ , ദിമാ അയ്ൻ, ബഷ്റിയ , നാസിം തെന്നട തുടങ്ങിയവർ നിയന്ത്രിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ യുടെ ഗ്രാൻഡ് ഫിനാലെ ആഗസ്ത് ഒന്നിന് കെഎംസിസി ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
