മനാമ: ഇസ്രയേലുമായി ബഹ്റൈൻ നയതന്ത്ര കരാർ ഒപ്പുവച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസിലാണ് ചടങ്ങ് നടന്നത്. ബഹ്റൈൻ സമയം 8.30 ഓടെയാണ് ഒപ്പുവയ്ക്കൽ ചടങ്ങു നടന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്, ബഹ്റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാറിൽ ഒപ്പുവച്ചു. ഇസ്രയേലുമായുള്ള തന്റെ രാജ്യത്തിന്റെ കരാർ സമാധാനത്തിലേക്കുള്ള സുപ്രധാന ആദ്യപടിയാണെന്ന് ബഹ്റൈൻ വിദേശകാര്യമന്ത്രി അൽ സയാനി പറഞ്ഞു. ജനത അർഹിക്കുന്ന ശാശ്വത സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് അടിയന്തിരമായും സജീവമായും പ്രവർത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ-ഇസ്രയേൽ പോരാട്ടത്തിന് നീതിപൂർവകവും സമഗ്രവും നിലനിൽക്കുന്നതുമായ ദ്വിരാഷ്ട്ര പരിഹാരമാണ് അത്തരം സമാധാനത്തിന്റെ അടിത്തറ എന്നും അൽ സയാനി കൂട്ടിച്ചേർത്തു.
ഈ കരാറുകൾ മേഖലയിലുടനീളം സമഗ്രമായ സമാധാനത്തിനുള്ള അടിത്തറയായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. യുഎഇയുടെയും ബഹ്റൈന്റെയും നടപടിയെ പിന്തുണച്ച് ഒമാന്‍ രംഗത്തുവന്നിരുന്നു.ഇസ്രായേലുമായി ആദ്യം ബന്ധം സ്ഥാപിച്ച മുസ്ലിം രാജ്യം ഈജിപ്താണ്. പിന്നാലെ ജോര്‍ദാന്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചു. ഇപ്പോള്‍ യുഎഇയും ബഹ്റൈനും കരാറിലെത്തി. ഒമാന്‍, സുഡാന് എന്നീ രാജ്യങ്ങള്‍ കരാറിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.