വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങളായ യുഎഇയും ബഹ്റൈനുമായുള്ള ഐക്യകരാര്‍ ഇസ്രായേല്‍ ഒപ്പുവച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസിലാണ് ചടങ്ങ് നടന്നത്. പകല്‍ 12 മണിക്കാണ് ബന്ധപ്പെട്ട ചടങ്ങുകൾക്ക് തുടക്കം കുറിച്ചത് . ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്, ബഹ്റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധികളും ചടങ്ങിന് എത്തി.
യുഎഇയും ബഹ്റൈനും ഇസ്രായേലുമായി സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ട്രംപ് അധ്യക്ഷത വഹിച്ചു. മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും രേഖയിൽ ഒപ്പുവെക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു “സാക്ഷി അല്ലെങ്കിൽ നിരീക്ഷകൻ” എന്ന നിലയിൽ യുഎസും ഡീലുകളിൽ ഒപ്പിട്ടു.
“അബ്രഹാം ഉടമ്പടി” എന്ന് വിളിക്കപ്പെടുന്ന ഈ പ്രഖ്യാപനങ്ങൾ ഇസ്രായേലും രണ്ട് ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കും. “ഇത് ഒരു ചരിത്രപരമായ നിമിഷമാണ്. കൂടുതൽ സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ മിഡിൽ ഈസ്റ്റ് കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് ഈ കരാർ.” എന്ന് പ്രസിഡണ്ട് ട്രംപ് പറഞ്ഞു.
ഇസ്രായേലുമായി 1979 -ൽ ഈജിപ്തും 1994 ൽ ജോർദാനും സമാധാന ഉടമ്പടി ഒപ്പുവച്ചിരുന്നു.ബന്ധം സാധാരണ നിലയിലാക്കാൻ ഇത്തരം നടപടികൾ സ്വീകരിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും അറബ് രാജ്യങ്ങളാണ് യുഎഇയും ബഹ്റൈനും.