
മനാമ: ബഹ്റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനിൽ (കെഎസ് സി എ) രാമായണ മാസാചരണം ഭക്തിയോടെയും സാംസ്കാരിക സമ്പന്നതയോടെയും തുടക്കം കുറിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി കെ എസ് സി എ ഹാളിൽ എല്ലാ വെള്ളിയാഴ്ചകളിലും വിശേഷാചരണങ്ങൾ സംഘടിപ്പിക്കപ്പെടുന്നു.
ചടങ്ങിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും രാമായണ പാരായണവും, തുടർന്ന് രാമായണത്തെ ആസ്പദമാക്കിയുള്ള പ്രബന്ധാവതരണവും നടക്കും. പ്രബന്ധാവതരണം ഉദ്ഘാടനം നടത്തിയത് ബഹ്റൈനിലെ പ്രമുഖ മാധ്യമപ്രവർത്തകനായ ശ്രീ പ്രദീപ് പുറവൻകര ആയിരുന്നു. ആദ്യ ദിനത്തെ പ്രബന്ധാവതരണം അദ്ദേഹം നിർവഹിച്ചു.
രാമായണ പാരായണം ആചാര്യൻ ശ്രീ സതീഷ് നമ്പ്യാരുടെ നേതൃത്വത്തിൽ നിർവഹിക്കപ്പെടുന്നു. പരിപാടികളുടെ മുന്നോടിയായി പുതുതായി നിർമ്മിച്ച പ്രാർത്ഥന റൂം കെഎസ് സി എ അംഗങ്ങൾക്ക് വേണ്ടി ശ്രീ പി.ജി. സുകുമാരൻ നായർ സമർപ്പിച്ചു .

ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി സംസാരിച്ച പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ, നന്മ നിറഞ്ഞ വിശ്വാസങ്ങളിൽ ഊന്നി നിൽക്കുമ്പോൾ ആ ജീവിതത്തിൽ ഉണ്ടാകുന്ന ആത്മീയ മേന്മകൾക്കുറിച്ച് ഉൾക്കാഴ്ചപൂർവമായി പ്രസ്താവിച്ചു.
ഭക്തി, സാംസ്കാരികമൂല്യങ്ങൾ, സാമൂഹിക ഐക്യബോധം എന്നിവയുടെ സന്ദേശവുമായി രാമായണ മാസാചരണം ഏറെ ആഴമാർന്ന അനുഭവമാക്കാൻ കെഎസ് സി എ മുൻകൈ എടുക്കുന്നു.
