
കൊച്ചി: നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ മറുപടി കൂടി കേട്ടശേഷം ഹർജിക്കാരോട് കേന്ദ്രത്തെ സമീപിക്കാൻ ആവശ്യപ്പെട്ടത്.
നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ഒരാവശ്യം. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വധശിക്ഷ നീട്ടിവച്ചിരിക്കുകയാണെന്നും പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് യെമനിൽ പോകണമെങ്കിൽ കേന്ദ്രസർക്കാരിന് അപേക്ഷ നൽകാമെന്നും, കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ അമ്മ ഇതിനകം യെമനിൽ ഉണ്ടല്ലോയെന്നും സുപ്രീം കോടതി ഹർജിക്കാരോട് പറഞ്ഞു.
നിമിഷപ്രിയക്ക് മാപ്പ് നൽകുന്നതിലും ദിയാദനം സ്വീകരിക്കുന്നതിലും കുടുംബത്തിൽ ഇതുവരേയും അഭിപ്രായ ഐക്യം ആയിട്ടില്ല. അതിനിടെ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ ആർജെഡി ദേശീയ കൗൺസിൽ അംഗം സലീം മടവൂർ ഡിജിപിക്ക് പരാതി നൽകി. കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫെയ്സ്ബുക്കിൽ കമൻ്റ് ചെയ്തും തലാലിൻ്റെ ബന്ധുക്കളെ ഇൻ്റർവ്യൂ ചെയ്ത് നിമിഷ പ്രിയയുടെ മോചനം തടസപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. മുബാറക്ക് റാവുത്തർ എന്ന വ്യക്തി തലാലിന്റെ ഗ്രാമവാസികളെ ഇളക്കി വിടാൻ ശ്രമിച്ചു എന്നും പരാതിയിൽ പറയുന്നു.
