
വാഷിംഗ്ടൺ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
ട്രംപിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഊഷ്മളമായ ആശംസകൾ കിരീടാവകാശി അറിയിച്ചു. ബഹ്റൈനും അമേരിക്കയും തമ്മിലുള്ള 130 വർഷത്തിലേറെ പഴക്കമുള്ള ബന്ധത്തെ അദ്ദേഹം പരാമർശിച്ചു.
അന്താരാഷ്ട്ര സമാധാനം വളർത്തുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ബഹ്റൈന് അതിയായ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ബഹ്റൈൻ- അമേരിക്ക ബന്ധങ്ങളുടെ ശക്തിയെക്കുറിച്ച് ട്രംപ് സംസാരിച്ചു. പതിറ്റാണ്ടുകളുടെ പരസ്പര പിന്തുണയും സഹകരണവും വളരെ വലുതും അടിത്തറയുള്ളതുമാണ്. ബഹ്റൈൻ എല്ലായ്പ്പോഴും ഒരു മൂല്യവത്തായതും ഉറച്ചതുമായ സഖ്യകക്ഷിയാണ്. പകരമായി അമേരിക്ക എല്ലായ്പ്പോഴും ബഹ്റൈനൊപ്പം നിന്നിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
