
മനാമ: കഴിഞ്ഞ മാസം ഇറാനും അമേരിക്കയും തമ്മിലുണ്ടായ ആക്രമണങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് സ്വത്തുവകകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ച പൗരര്‍ക്കും താമസക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പ്രതികാരമായി ജൂണ്‍ 23ന് ഖത്തറിലെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അല്‍ ഉദൈദ് വ്യോമതാവളത്തിലേക്ക് ഇറാന് മിസൈലുകള്‍ തൊടുത്തുവിട്ടപ്പോഴാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും ദോഹയില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടു. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ റോഡുകളിലും വീട്ടുവളപ്പുകളിലും വീണതായി കണ്ടെത്തിയിരുന്നു.
ഇങ്ങനെ നാശനഷ്ടങ്ങള്‍ സംഭവിച്ച താമസ കെട്ടിടങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വ്യാവസായിക സ്വത്തുക്കള്‍ എന്നിവയ്ക്കാണ് നഷ്ടപരിഹാരം നല്‍കുന്നതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ വകുപ്പുകള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത നാശനഷ്ടങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കുന്നത്.
നാശനഷ്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത ആളുകള്‍ക്ക് പ്രഖ്യാപനം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ ‘മെട്രാഷ്’ മൊബൈല്‍ ആപ്പ് വഴി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.
