
മനാമ: കാനഡയിലെ മോണ്ട്രിയലില് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായും യുനെസ്കോയുമായും അതിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സുമായും (യു.ഐ.എസ്) സഹകരിച്ച് ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം ഗവേഷണ, പരീക്ഷണ വികസന സ്ഥിതിവിവരക്കണക്കുകള്‍ ഗണിക്കുന്നതിനെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. ബഹ്റൈനിലെ പൊതു, സ്വകാര്യ, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍നിന്നുള്ള 200ലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ദേശീയ നയത്തെയും ആസൂത്രണത്തെയും നയിക്കാനും ഗവേഷണ രീതികള്‍ ശക്തിപ്പെടുത്താനും വിജ്ഞാന സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാനും പരീക്ഷണാത്മക ഗവേഷണ വികസന സ്ഥിതിവിവരക്കണക്ക് പരിശോധിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ആമുഖ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കും യെമനിനുമുള്ള ദോഹ ആസ്ഥാനമായ യുനെസ്കോ റീജിയണല്‍ ഓഫീസിലെ ഉന്നത വിദ്യാഭ്യാസ റീജിയണല്‍ പ്രോഗ്രാം സ്പെഷ്യലിസ്റ്റ് ഡോ. അനസ്സെ ബൗഹ്ലാലും യു.ഐ.എസിലെ സയന്‍സ്, ടെക്നോളജി, ഇന്നൊവേഷന് സ്റ്റാറ്റിസ്റ്റിക്സിലെ അസിസ്റ്റന്റ് പ്രോഗ്രാം സ്പെഷ്യലിസ്റ്റ് റോഹന്‍ പാതിരേജും ചേര്‍ന്നാണ് മൂന്ന് ദിവസത്തെ ശില്പശാല നയിക്കുന്നത്.
