
ദില്ലി: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദിയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന് തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയിരിക്കുന്നത്.
