
തിരുവനന്തപുരം: സംവിധായകൻ ശ്രീദേവ് കപ്പൂർ രചനയും, സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘ജഗള’ ഈ മാസം 18 ന് റിലീസ് ചെയ്യും. മലയാളത്തിലെ പല ചലച്ചിത്ര പ്രതിഭകളും ശ്രമിച്ചിട്ടും, നടക്കാതെ പോയ മലമ്പാർ കലാപം സിനിമയാക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ പ്രതികരിച്ചു.

സംസ്ഥാന ചലച്ചിത്ര അവാർഡിലും, ഐ.എഫ്.എഫ്.കെ.യിലും നാഷണൽ അവാർഡിലും ഇന്ത്യൻ പനോരമയിലും ഈ സിനിമ പരിഗണിക്കപ്പെട്ടില്ലായെങ്കിലും, കാനഡ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ പോലെയുള്ള നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം പരിഗണിക്കപ്പെട്ടു.അതിൽ സന്തോഷമുണ്ട്. സംവിധായകൻ പറയുന്നു. ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായിരിക്കാം ചിത്രം പരിഗണിക്കപ്പെടാതെ പോയതെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ ആരോപിക്കുന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ടു നിരവധി സിനിമകൾ അനൗൺസ് ചെയ്തെങ്കിലും പല ചിത്രങ്ങളും പൂർത്തിയായില്ല. അത് കൊണ്ട് തന്നെ ഈ സിനിമ പ്രേക്ഷകർ കാണണം
സംവിധായകൻ ശ്രീദേവ് കപ്പൂർ പറഞ്ഞു. വളരെ ശക്തമായ കഥയാണ് ചിത്രം പറയുന്നത്.

ലൗ എഫ് എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് കപ്പൂർ മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജഗള’
കർഷകന്റെ മണ്ണും മനസ്സും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിൽ കലാപത്തിന്റെ ഭീതിയിൽ ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം നിഷ്കളങ്കരായ മനുഷ്യരുടെ കഥയാണ് ജഗള പറയുന്നത്.

കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത്ത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ശ്രീദേവ് കപ്പൂർ & മുരളി റാം എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
മറീന മൈക്കിൾ, സന്തോഷ് കീഴാറ്റൂർ,സുനിൽ സുഗത, ബിറ്റോ ഡേവിഡ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി,കണ്ണൻ പട്ടാമ്പി, മുഹമ്മദ് പേരാമ്പ്ര,വിജയൻ വി നായർ, വിനായക്,പാർത്ഥസാരഥി, വിജയൻ ചാത്തന്നൂർ, ലത്തീഫ് കുറ്റിപ്പുറം, വാരിജാക്ഷൻ തിരുവണ്ണൂർ, പട്ടാമ്പി ചന്ദ്രൻ, മുഹമ്മദ് ഇരവട്ടൂർ, മുരളി റാം,,രമാദേവി കോഴിക്കോട്, അഞ്ചു അരവിന്ദ്,രാധ ലക്ഷ്മി, മീനാ രാഘവൻ,നിഷ അജീഷ് തുടങ്ങിയവരും അഭിനയിക്കുന്നു. അതോടൊപ്പം നിരവധി നാടക കലാകാരമാരെയും പുതുമുഖങ്ങളെയും ഈ സിനിമയിലൂടെ ശ്രീദേവ് കപ്പൂർ പരിചയപ്പെടുത്തുന്നുണ്ട്.
സംസ്ഥാന അവാർഡ് ജേതാവും പ്രശസ്ത സംവിധായകനുമായ സനൽ കുമാർ ശശിധരന്റെ സംവിധാന സഹായിയായി 2007 ലാണ് ശ്രീദേവ് കപ്പൂരിന്റെ സിനിമ കരിയർ ആരംഭിക്കുന്നത്. സംവിധായകരായ ഹരികുമാർ, കെ കെ. ഹരിദാസ്, സുനിൽ, ഹരിദാസ്, ശരത് ചന്ദ്രൻ വയനാട്,സലിം ബാബ, ജയൻ പൊതുവാൾ,ഷാനു സമദ് തുടങ്ങി മലയാള സിനിമ രംഗത്തെ നിരവധി പേരുടെ അസോസിയേറ്റ് ഡയറക്ടരായി ശ്രീദേവ് കപ്പൂർ പ്രവർത്തിച്ചുണ്ട്.