
കൊച്ചി: എറണാകുളത്ത് സര്‍വീസ് ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസ്. തിരുവനന്തപുരത്തും മൂന്നാറിലും പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഇപ്പോൾ കൊച്ചിയിലേയ്ക്കും എത്തുന്നത്. ജൂലൈ 15 മുതൽ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസ് കൊച്ചിയിൽ സര്‍വീസ് ആരംഭിക്കും.
കൊച്ചി നഗരത്തിന്റെ രാത്രി കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. കൗതുകമായ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസിലെ ടിക്കറ്റ് നിരക്ക്, സീറ്റുകളുടെ എണ്ണം, സമയം എന്നിവ അറിയാനുള്ള ആകാംക്ഷയിലാണ് സഞ്ചാരികൾ. വൈകുന്നേരം 5 മണിയ്ക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുക. തുടർന്ന് മറൈൻ ഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലം വഴി കാളമുക്ക് ജംഗ്ഷനിലെത്തിയ ശേഷം തിരികേ ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, നേവൽബേസ്, തോപ്പുംപടി ബിഒടി പാലത്തിലെത്തും. കായൽ തീരത്തുള്ള പുതിയ പാർക്കും നടപ്പാതയും സന്ദർശിക്കാൻ യാത്രക്കാർക്ക് അവസരമുണ്ടാകും. രാത്രി 8 മണിയോടെ തിരികെ സ്റ്റാൻഡിലെത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുക. 30 കിലോ മീറ്ററോളം ദൂരമാണ് ആകെ സഞ്ചരിക്കുക.
ആകെ 63 സീറ്റുകളാണ് ബസിലുള്ളതെന്നാണ് വിവരം. മുകളില്‍ 39 പേര്‍ക്കും താഴെ 24 പേര്‍ക്കും ഇരിക്കാം. ഓപ്പൺ ഡെക്ക് യാത്രയ്ക്ക് 300 രൂപയും താഴത്തെ ഡെക്കിലുള്ള യാത്രയ്ക്ക് 150 രൂപയുമാണ് നിരക്ക്. ടിക്കറ്റുകൾ ഓൺലൈനായോ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ നേരിട്ടെത്തിയോ ബുക്ക് ചെയ്യാം. യാത്രയിൽ സംഗീതം ആസ്വദിക്കാനുള്ള സൗകര്യം ബസിൽ ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളുമെല്ലാം മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
