
ഇന്ന് ജൂലൈ 5, ജപ്പാനിൽ ലോകം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തം സംഭവിക്കുമെന്ന് പ്രവചിക്കപ്പെട്ട ദിനം. 1999 -ൽ ആദ്യമായി പ്രസിദ്ധീകരിച്ച ‘വാതാഷി ഗാ മിതാ മിറായ്, കാൻസെൻബാൻ’ (ഞാൻ കണ്ട ഭാവി, സമ്പൂർണ്ണ പതിപ്പ്) എന്ന ജനപ്രിയ ജാപ്പനീസ് പുസ്തകത്തിലാണ് ഈ പ്രവചനമുള്ളത്. മാങ്ക കലാകാരി എന്ന് അറിയപ്പെടുന്ന റിയോ തത്സുകി, തന്റെ സ്വപ്നങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ പുസ്തകം, 2011 -ലെ തോഹോകു ഭൂകമ്പവും സുനാമിയും ഉൾപ്പെടെയുള്ള മുൻകാല സംഭവങ്ങളെക്കുറിച്ചുള്ള കൃത്യമായ പരാമർശങ്ങൾ കാരണം വർഷങ്ങളായി ലോക ശ്രദ്ധ നേടിയ പുസ്തകമാണിത്.
ജൂലൈ അഞ്ചിന് ലോകം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും ഭീകരമായ ഒരു മഹാദുരന്തം സംഭവിക്കുമെന്നാണ് ഈ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളത്. ജപ്പാനിൽ സംഭവിക്കുന്ന ഒരു വലിയ ഭൂകമ്പമാണിതെന്നും പറയുന്നു. മാസങ്ങൾക്ക് മുൻപ് തന്നെ ജൂലൈയിൽ സംഭവിക്കുമെന്ന് പ്രവചിക്കപ്പെട്ട ഈ മഹാദുരന്തത്തെക്കുറിച്ച് ആളുകൾ ഓൺലൈനിൽ പരിശോധന നടത്തി തുടങ്ങിയിരുന്നു. പുസ്തകത്തിന്റെ കവറിലെ ഒരു പ്രധാന വരി ഇങ്ങനെയായിരുന്നു “യഥാർത്ഥ ദുരന്തം 2025 ജൂലൈയിൽ വരും.” ജപ്പാനും ഫിലിപ്പീൻസും തമ്മിലുള്ള സമുദ്രത്തിന്റെ അടിത്തട്ട് വിള്ളുകയും 2011 -ൽ കണ്ടതിനേക്കാൾ ഉയർന്ന തിരമാലകൾക്ക് കാരണമാകുകയും ചെയ്യുന്ന ഒരു പ്രകൃതി ദുരന്തത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്. ഈ പുസ്തകങ്ങൾക്കും ഇതിലെ പ്രവചനങ്ങൾക്കും ശാസ്ത്രീയ അടിത്തറയില്ലെങ്കിലും, പ്രവചനം വ്യാപകമായ ചർച്ചാവിഷയമാവുകയും ആളുകൾക്കിടയിൽ വലിയ ഉത്കണ്ഠയ്ക്കും കാരണമായി.
പ്രവചനങ്ങളുടെ പുസ്തകം
റിയോ തത്സുകിയുടെ വതാഷി ഗ മിത മിറായിയെ പലപ്പോഴും ‘പ്രവചനങ്ങളുടെ പുസ്തകം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഡയാന രാജകുമാരിയുടെയും ഫ്രെഡി മെർക്കുറിയുടെയും മരണങ്ങൾ, കോവിഡ്-19 പാൻഡെമിക് എന്നിവയുൾപ്പെടെ നിരവധി പ്രധാന ആഗോള സംഭവങ്ങൾ എന്നിവ പുസ്തകത്തിൽ കൃത്യമായി മുൻകൂട്ടി രേഖപ്പെടുത്തപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ 2011 മാർച്ചിൽ ജപ്പാനിലുണ്ടായ ടോഹോകു ഭൂകമ്പവും സുനാമിയുമാണ് ഈ പുസ്തകം ലോകശ്രദ്ധ നേടുന്നതിന് കാരണമാക്കിയത്. ഏതാണ്ട് ഒരു ദശാബ്ദത്തിന് മുമ്പ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ കവറിൽ ‘2011 മാർച്ചിൽ ഒരു വലിയ ദുരന്തം’ എന്ന് പരാമർശിച്ചിരുന്നു. ഇതുതന്നെയാണ് 2025 ജൂലൈയെ കുറിച്ചുള്ള പുസ്തകത്തിലെ പരാമർശവും ഗൗരവകരമായി എടുക്കാൻ ആളുകളെ പ്രേരിപ്പിച്ചത്.
ശാസ്ത്രലോകം പറയുന്നത്
ഇതുമായി ബന്ധപ്പെട്ട് വലിയ വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, കൃത്യമായ തീയതികൾ, സമയങ്ങൾ അല്ലെങ്കിൽ സ്ഥലങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഭൂകമ്പങ്ങൾ പ്രവചിക്കാൻ കഴിയുമെന്ന ആശയം ജപ്പാനിലെ കാലാവസ്ഥാ ഏജൻസി പൂർണ്ണമായും നിരാകരിച്ചു. കഴിഞ്ഞ മാസം അസോസിയേറ്റഡ് പ്രസ്സിന് നൽകിയ പ്രസ്താവനയിൽ, ഏജൻസി അത്തരം പ്രവചനങ്ങളെ തട്ടിപ്പെന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ ഇവയെല്ലാം തെറ്റായ വിവരങ്ങളാണെന്നും ഏജൻസിയിലെ ഗവേഷകർ പറഞ്ഞു.
പുസ്തകത്തിലെ കാര്യങ്ങൾ വലിയതോതിൽ ചർച്ചയായതോടെ റിയോ ടാറ്റ്സുകിയും ഈ ഊഹാപോഹത്തെ അഭിസംബോധന ചെയ്തു. റോയിട്ടേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് താനൊരു പ്രവാചകനല്ലന്ന് അവർ വ്യക്തമാക്കി. തന്റെ സ്വപ്നങ്ങളിൽ അമിതമായി സ്വാധീനിക്കപ്പെടരുതെന്നും വിദഗ്ധ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി ഉചിതമായി പ്രവർത്തിക്കണമെന്നും അവർ ആളുകളോട് ആവശ്യപ്പെട്ടു.
ജപ്പാൻ ദ്വീപുകളിലെ ചെറു ഭൂകമ്പങ്ങൾ
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ തെക്കൻ ജപ്പാനിലെ ജനസാന്ദ്രത കുറഞ്ഞ ടോക്കര ദ്വീപ് സമൂഹത്തിൽ ചെറു ഭൂകമ്പങ്ങൾ നിരവധി തവണ അനുഭവപ്പെട്ടത് ഇവിടുത്തെ പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കി. ജൂൺ 21 മുതൽ, ടോക്കര ദ്വീപ് സമൂഹത്തിന് ചുറ്റും 900-ലധികം ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തിയത്. ജൂലൈ 2 ബുധനാഴ്ച, പ്രദേശത്ത് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും ഉണ്ടായില്ല. എന്നാല്‍, പ്രദേശവാസികൾ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ തയ്യാറായിരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 700 പേർ മാത്രമാണ് ഈ ദീപ് സമൂഹങ്ങളിൽ താമസിക്കുന്നത്. ഈ പ്രദേശത്ത് മുമ്പും തുടർച്ചയായ ചെറു ഭൂകമ്പങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഭൂകമ്പങ്ങളുടെ ആവൃത്തി അസാധാരണമാണ്.
ആശങ്കയുടെ “റിംഗ് ഓഫ് ഫയർ”
റിയോ തത്സുകിയുടെ പുസ്തകത്തിലെ ദുരന്ത പ്രവചനം സാങ്കൽപ്പികമായിരിക്കാമെങ്കിലും, ജപ്പാൻ പതിവ് ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വത പ്രവർത്തനങ്ങൾക്കും പേരുകേട്ട “റിംഗ് ഓഫ് ഫയർ” എന്ന പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ, ഒരു മഹാ ഭൂകമ്പത്തിനുള്ള സാധ്യതകളുണ്ടെന്ന് ശാസ്ത്രജ്ഞർ വളരെ മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ വർഷവും ജപ്പാനിൽ 2,000 വരെ ശക്തമായ ഭൂകമ്പങ്ങൾ അനുഭവപ്പെടാറുണ്ട്, കൂടാതെ ആഗോളതലത്തിൽ ആറോ അതിൽ കൂടുതലോ തീവ്രതയുള്ള ഭൂകമ്പങ്ങളുടെ 20 ശതമാനവും ഇവിടെയാണ് സംഭവിക്കുന്നത്.
കൂടാതെ “നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന” നങ്കായ് ട്രഫ് മെഗാക്വേക്ക് എന്നറിയപ്പെടുന്ന പ്രതിഭാസത്തെ നേരിടാനും ജാപ്പനീസ് അധികൃതർ ഒരുങ്ങുകയാണ്. തെക്കൻ ജപ്പാൻ തീരത്ത് നിന്ന് 800 കിലോമീറ്റർ അകലെയുള്ള കടലിനടിയിലുള്ള ഒരു കിടങ്ങാണ് നങ്കായ് ട്രഫ്. 2055 -ന് മുമ്പ് അവിടെ 9 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത 80 ശതമാനമാണെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്. അങ്ങനെ സംഭവിച്ചാൽ, മൂന്ന് ലക്ഷം പേർ വരെ മരിച്ചേക്കാം.
ജപ്പാൻ ഭൂകമ്പ ചരിത്രം
2011 -ലെ തോഹോകു ഭൂകമ്പവും സുനാമിയും: 2011 മാർച്ച് 11 ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഫുകുഷിമ ആണവ ദുരന്തത്തിനും കാരണമായ ദുരന്തത്തിൽ 18,000-ത്തിലധികം പേർ മരിച്ചു. ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.
1923 -ലെ ഗ്രേറ്റ് കാന്റോ ഭൂകമ്പം: 1923 സെപ്റ്റംബർ 1 ന് ടോക്കിയോ, യോകോഹാമ മേഖലകളിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾ മരിച്ചു.
1995 -ലെ മഹാ ഹാൻഷിൻ ഭൂകമ്പം: 1995 ജനുവരി 17 ന് കോബെയ്ക്ക് സമീപമുള്ള പ്രദേശത്ത് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 6,000 -ൽ അധികമാളുകളാണ് മരിച്ചത്.
1948 ഫുകുയി ഭൂകമ്പം: 1948 ജൂൺ 28 -ന്, 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഫുകുയി പ്രിഫെക്ചറിനെ തകർത്തു, 3,700 പേർ മരച്ചു.
2004 -ലെ ചൂറ്റ്സു ഭൂകമ്പം: 2004 ഒക്ടോബർ 23 -ന് 6.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം നിഗറ്റ പ്രിഫെക്ചറിൽ കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയും 68 പേരുടെ മരണത്തിനും കാരമമായി.
