
ദില്ലി: ആർഎസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം ദില്ലിയിൽ നാളെ തുടങ്ങും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് യോഗം. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികൾക്ക് രൂപം നൽകുകയാണ് പ്രധാന അജണ്ട. ബിജെപിയടക്കം എല്ലാ സംഘപരിവാർ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
എന്നാൽ, ബിജെപി ദേശീയ അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ യോഗത്തിലുണ്ടാകില്ലെന്ന് ആർഎസ്എസ് വക്താവ് സുനിൽ അംബേദ്കർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബിഹാറിലെ വോട്ടർപട്ടിക പുതുക്കുന്നത് സ്വാഭാവിക നടപടിയാണെന്നും ഭരണഘടനയെ കുറിച്ച് സർകാര്യവാഹക് ദത്താത്രേയ ഹൊസബലെ പറഞ്ഞതിൽ എല്ലാം വ്യക്തമാണെന്നും സുനിൽ അംബേദ്കർ പറഞ്ഞു. പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് ആര്‍എസ്എസിന്റെ ദേശീയ തലത്തിലുള്ള പ്രധാന യോഗം ജൂലൈ 4 മുതൽ ആറുവരെ ദില്ലിയിൽ നടക്കുന്നത്.
ആര്‍എസ്എസിന്റെ ദേശീയ തലത്തിലുള്ള സംഘടന സെക്രട്ടറിമാരടക്കം യോഗത്തിൽ പങ്കെടുക്കും. മാര്‍ച്ചിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയ്ക്കുശേഷം രാജ്യവ്യാപകമായി ഏപ്രിൽ, മെയ്, ജൂണ്‍ മാസങ്ങളിലായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള സുപ്രധാന യോഗമാണ് ദില്ലിയിൽ നടക്കുക.
