
മലപ്പുറം : ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ നടപടി. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടികെ അഷ്റഫിനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയാണ് എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനായ ടികെ അഷ്റഫ്.
സ്കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറിയായ ടി കെ അഷ്റഫാണ് ആദ്യം രംഗത്തെത്തിയിരുന്നത്. താൻ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫ് അന്ന് പറഞ്ഞത്.
