
മനാമ: അന്താരാഷ്ട്ര സ്പോര്‍ട്സ് പരിശീലന ക്യാമ്പ് സ്ഥാപിക്കാനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്തതായി ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണും പ്രധാനമന്ത്രിയുടെ ഓഫീസിലെ റിസര്‍ച്ച് ആന്റ് പ്രോജക്ട്സ് അണ്ടര്‍സെക്രട്ടറിയുമായ നൗഫ് അബ്ദുറഹ്മാന് ജംഷീര്‍ അറിയിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സുമായി ഏകോപിപ്പിച്ചാണ് ഈ പദ്ധതി.
ബഹ്റൈനില്‍ പരിശീലന ക്യാമ്പുകള്‍ നടത്തുന്നതിന് ലോകമെമ്പാടുമുള്ള സ്പോര്‍ട്സ് ടീമുകളെയും ദേശീയ സ്ക്വാഡുകളെയും ആകര്‍ഷിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത നിലവാരമുള്ള എഞ്ചിനീയറിംഗ്, സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിപുലമായൊരു കായികാന്തരീക്ഷം സൃഷ്ടിക്കുന്നതായിരിക്കും പരിശീലന ക്യാമ്പെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. ക്ലബ്ബുകള്‍ക്കും ദേശീയ ടീമുകള്‍ക്കും പ്രത്യേക പരിശീലന പരിപാടികളില്‍ ഏര്‍പ്പെടാനും വൈദഗ്ദ്ധ്യം കൈമാറാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
