
മനാമ: 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഒരു പുതിയ സഹായ പദ്ധതി ആരംഭിക്കുമെന്ന് ലേബര്‍ ഫണ്ട് (തംകീന്‍) അറിയിച്ചു. പ്രധാനമന്ത്രിയുടെ കാര്യാലയ കാര്യ മന്ത്രിയും തംകീന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണിത്.
പ്രാദേശിക മെഡിക്കല്‍ പ്രൊഫഷണലുകളെ പിന്തുണയ്ക്കാനും അതുവഴി അവരുടെ തൊഴില്‍ വികസന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള ബഹ്റൈന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തുമായി സഹകരിച്ച് 700ലധികം ബഹ്റൈനികള്‍ക്ക് പ്രയോജനം ലഭ്യമാക്കിയ, കഴിഞ്ഞ വര്‍ഷം ആരംഭിച്ച മുന്‍ ആരോഗ്യ സംരക്ഷണ സഹായ പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് തീരുമാനം.
ഏഴ് പ്രധാന പരിപാടികള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. ആദ്യ രണ്ട് പരിപാടികള്‍ വിവിധ മെഡിക്കല്‍ സ്പെഷ്യാലിറ്റികളില്‍ ബോര്‍ഡ് സര്ട്ടിഫിക്കേഷന് നേടുന്നതിന് ബഹ്റൈനി ഡോക്ടര്‍മാരെ സഹായിക്കാനുള്ളതാണ്. മൂന്നാമത്തേത് ബഹ്റൈനി ഡോക്ടര്‍മാരെ മെഡിക്കല്‍ ഫെലോഷിപ്പ് പ്രോഗ്രാമുകളില്‍ ചേരുന്നതിന് സഹായിക്കുകയും ആവശ്യക്കാരുള്ള മേഖലകളില്‍ വൈദഗ്ദ്ധ്യം നേടി മെഡിക്കല്‍ കണ്സള്ട്ടന്റുകളാകാന് അവരെ സജ്ജമാക്കുകയും ചെയ്യുന്നു. കൂടാതെ നഴ്സുമാര്‍ക്കടക്കം മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ നല്‍കാനുള്ള പരിപാടികളുമുണ്ട്.
