
കൊച്ചി: ഇന്ത്യൻ സിനിമാ ലോകം ഈ വർഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് ക്ലാഷിനാണ് ആഗസ്റ്റ് 14ന് സാക്ഷിയാകുന്നത്. റിലീസിനെത്തുന്ന രണ്ട് വമ്പൻ ചിത്രങ്ങൾ യഷ് രാജ് ഫിലിംസിന്റെ വാർ 2, രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കൂലിയും തമ്മിലുള്ള മത്സരം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയാണ്. എന്നാൽ, ഒരു അപ്രതീക്ഷിത നീക്കത്തിൽ വാർ 2 ഇന്ത്യയിലെ എല്ലാ ഐമാക്സ് സ്ക്രീനുകളും ആഗസ്റ്റ് 14മുതല് രണ്ടാഴ്ചത്തേക്ക് സ്വന്തമാക്കിയിരിക്കുകയാണ് എന്നാണ് വിരം. ഇത് കൂലിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ഹൃതിക് റോഷനും ജൂനിയർ എൻടിആറും അഭിനയിക്കുന്ന വാർ 2 യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി എത്തുന്ന ഒരു ആക്ഷൻ ത്രില്ലറാണ്. ഐമാക്സ് സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനായി യഷ് രാജ് ഫിലിംസ് രാജ്യത്തെ 33-ലധികം ഐമാക്സ് തിയേറ്ററുകളുമായി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ.
ഇതിന്റെ ഫലമായി, ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യുന്ന കൂലിക്ക് ഒരു ഐമാക്സ് സ്ക്രീൻ പോലും ലഭിക്കില്ല. ഈ തന്ത്രപരമായ നീക്കം വാർ 2ന് പ്രീമിയം സ്ക്രീനുകളിൽ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ കൂലി ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു സ്റ്റാൻഡ്-എലോൺ ആക്ഷൻ ചിത്രമാണ്. ആമിർ ഖാൻ, നാഗാർജുന, ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിന്റെ പ്രത്യേകത.
ചിത്രത്തിന്റെ 50-70% ഷൂട്ടിംഗ് ഐമാക്സ് ഫോർമാറ്റിൽ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഐമാക്സ് സ്ക്രീനുകൾ ലഭിക്കാത്തത് ചിത്രത്തിന്റെ ആദ്യ ഘട്ട പ്രദർശനത്തെ ബാധിച്ചേക്കാം. സൗത്ത് ഇന്ത്യൻ മാർക്കറ്റുകളിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിലും തെലുങ്ക് സംസ്ഥാനങ്ങളിലും, കൂലിക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്.
എന്നിരുന്നാലും, ഐമാക്സ് പോലുള്ള പ്രീമിയം ഫോർമാറ്റുകളിൽ പ്രദർശനം നടത്താൻ കഴിയാത്തത് ആരാധകർക്കിടയിൽ നിരാശ സൃഷ്ടിച്ചേക്കാം. വാർ 2ന്റെ ടീസർ റിലീസിന് ശേഷം, വിഷ്വൽ ഇഫക്ടുകളിലും ഒറിജിനാലിറ്റിയിലും കുറവുണ്ടെന്ന് ചില ആരാധകർ വിമർശിച്ചിരുന്നു. എന്നാൽ, ഹൃതിക് റോഷന്റെ ബോളിവുഡ് ആരാധകരും, ജൂനിയർ എൻടിആറിന്റെ തെലുങ്ക് ആരാധകരും ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.
മറുവശത്ത് കൂലി ലോകേഷ് കനകരാജിന്റെ മുൻ ചിത്രങ്ങളുടെ വിജയവും രജനികാന്തിന്റെ സ്റ്റാർ പവറും കണക്കിലെടുത്ത് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. കൂലിയുടെ വിദേശ വിതരണാവകാശം അടക്കം വലിയ തുകയ്ക്കാണ് വിറ്റുപോയത്.
