
അഹ്മദാബാദ്: കഴിഞ്ഞമാസം രാജ്യത്തെ നടുക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ അമേരിക്കയിലും യുകെയിലും നിയമ നടപടികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളിലെ ഏതാനും നിയമ സ്ഥാപനങ്ങൾ, വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ നിർമാതാക്കളായ ബോയിങ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
ജൂൺ 12ന് നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരണപ്പെട്ടിരുന്നു. വിമാനത്തിന് എല്ലാ അറ്റകുറ്റപ്പണികളും നടത്തിയിരുന്നതായും അപകട സമയത്ത് വിമാനം പറത്തിയിരുന്ന പൈലറ്റുമാർ വർഷങ്ങളുടെ പരിചയമുള്ള മികച്ച പൈലറ്റുമാരായിരുന്നുവെന്നും എയർ ഇന്ത്യ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കാൻ മരണപ്പെട്ടവരുടെ ബന്ധുക്കൾക്കുള്ള അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കീസ്റ്റോൺ ലോ, ഷിക്കാഗോയിലെ വിസ്നെർ ലോ ഫേം എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുവരുന്നുവെന്ന് ഈ കമ്പനികളുടെ പ്രതിനിധികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെളിവുകളും വിവരങ്ങളും ശേഖരിച്ച ശേഷം ബോയിങ് കമ്പനിക്കെതിരെ അമേരിക്കയിലും എയർ ഇന്ത്യയ്ക്കെതിരെ ലണ്ടൻ ഹൈക്കോടതിയിലും കേസ് ഫയൽ ചെയ്യാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
അപകടത്തിൽ നഷ്ടപരിഹാരം ഉൾപ്പെടെ ലഭിക്കുന്നതിന് എയർ ഇന്ത്യയുടെ ഉടമകളായ ടാറ്റ സൺസ് വിദേശ കോടതികളിൽ സ്വീകരിക്കാൻ സാധ്യതയുള്ള നിയമ നടപടികൾക്ക് പുറമെയാണ് ഇപ്പോഴത്തെ നീക്കങ്ങൾ. മരിച്ചവരുടെ ബന്ധുക്കൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ടാറ്റ സൺസ് ഒരു കോടി രൂപ വീതം നൽകുമെന്നും പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരുന്ന മുറയ്ക്ക് നിയമ നടപടികൾക്കും തുടക്കമായേക്കും.
ഈ രാജ്യങ്ങളിലെ കോടതികളിൽ നിന്ന് പൊതുവെ ഇരകൾക്ക് അനുകൂലമായ നടപടികളാണ് സ്വീകരിക്കുകയെന്ന് നിയമവിദഗ്ധർ പറയുന്നു. എന്നാൽ അധികാരപരിധികൾ സംബന്ധിച്ച തർക്കങ്ങൾ കാരണം നിയമനടപടികൾ നീണ്ടുപോകാൻ ഇടയായേക്കുമെന്ന ആശങ്കയും ചിലർ ഉയർത്തുന്നുണ്ട്.
