
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ (കെ.എസ്.സി.എ) നേതൃത്വത്തിൽ ത്രിദിന യോഗ ക്യാമ്പ് കെ.എസ്.സി.എ ഹാളിൽ വിജയകരമായി സംഘടിപ്പിച്ചു. ജൂൺ 19 മുതൽ 21 വരെ നടന്ന ക്യാമ്പിൽ വിവിധ പ്രായ വിഭാഗങ്ങളിലുള്ള നിരവധി ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർ എല്ലാവരും യോഗാസനങ്ങളും പ്രാണായാമങ്ങളും ഉൾപ്പെടെ വിവിധ പരിശീലനങ്ങൾക്ക് ഭാഗമായി.

ആർട്ട് ഓഫ് ലിവിംഗിന്റെ ബഹ്റൈനിലെ പ്രഗത്ഭയായ യോഗാചാര്യകളായ ശ്രീമതി രഞ്ജിനിയും ശ്രീമതി മിനിയുമാണ് പരിശീലനങ്ങൾ നയിച്ചത്. മാനസികവും ശാരീരികവുമായ ആരോഗ്യം ലക്ഷ്യമിട്ട് വിവിധ രീതികളിലുള്ള അഭ്യാസങ്ങളും ചർച്ചകളും ക്യാമ്പിന്റെ ഭാഗമായി നടന്നു.
അവസാന ദിവസം നടന്ന സമാപന സമ്മേളനത്തിൽ കെ.എസ്.സി.എ പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി രമ സന്തോഷ്, സെക്രട്ടറി സുമ മനോഹരൻ, അസിസ്റ്റന്റ് സെക്രട്ടറി സതീഷ് തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. സമാപന പരിപാടിയുടെ ഭാഗമായി ഭക്തിഗാനമേളയും അരങ്ങേറി.
