
കെയ്റോ: 2024ലെ ഗ്ലോബല്‍ സൈബര്‍ സുരക്ഷാ സൂചികയില്‍ (സി.എ.ഐ.സി.ഇ.സി 25) ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ബഹ്റൈനെ അറബ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസ് ഓര്ഗനൈസേഷന് ആദരിച്ചു.
മെയ് 25, 26 തീയതികളില്‍ കെയ്റോയില്‍ ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന വിവര സുരക്ഷയും സൈബര്‍ സുരക്ഷയും സംബന്ധിച്ച നാലാമത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് ഈ അംഗീകാരം ലഭിച്ചത്.
ബഹ്റൈനെ പ്രതിനിധീകരിച്ച് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിലെ സൈബര്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് അല്‍ ഖലീഫ അറബ് എക്സലന്‍സ് ഷീല്‍ഡ് സ്വീകരിച്ചു.
വിവര സുരക്ഷയും സൈബര്‍ സുരക്ഷയും സംബന്ധിച്ച നാലാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ 180ലധികം പ്രഭാഷകരും 5,000 പ്രതിനിധികളും പങ്കെടുത്തു. രാഷ്ട്രങ്ങളുടെയും സ്ഥാപനങ്ങളുടെയും സാങ്കേതിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, പൊതു-സ്വകാര്യ സഹകരണം വികസിപ്പിക്കുക, അറബ് ലോകത്ത് കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റല്‍ ഭാവി കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
