
കൊല്ലം: ചിതറയില്‍ യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിന്‍(29) ആണ് കൊല്ലപ്പെട്ടത്. സുജിന്റെ കൂടെയുണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് സുജിനും പ്രതികളും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
ചൊവ്വാഴ്ച രാത്രി കാരംസ് കളി കഴിഞ്ഞ് സുജിനും അനന്തവും ബൈക്കില്‍ പോകുന്നതിനിടെ ആളൊഴിഞ്ഞസ്ഥലത്ത് ഒളിച്ചിരുന്ന പ്രതികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വിവേക്, സൂര്യജിത്ത്, ലാലു എന്ന ബിജു, വിജയ് തുടങ്ങിയവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ സുജിനെ ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
