
മനാമ: സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, നിരോധന കാലയളവില്‍ നിയമവിരുദ്ധമായ ബോട്ടം ട്രോളിംഗിലും ചെമ്മീന്‍ മീന്‍പിടുത്തത്തിലും ഏര്‍പ്പെട്ടതിന് ബഹ്റൈനിലെ ഫഷ്ത് അല്‍ ജാരിം പ്രദേശത്ത് നാല് മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു.
സമുദ്ര വിഭവങ്ങള്‍ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനും പരിഹരിക്കാനുമുള്ള നിരന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അറസ്റ്റെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് പറഞ്ഞു. ബഹ്റൈന്റെ പ്രാദേശിക ജലാതിര്‍ത്തിക്കുള്ളില്‍ സമുദ്രജീവികളുടെയും മത്സ്യസമ്പത്തിന്റെയും സുസ്ഥിരത ഉറപ്പാക്കാന്‍ മത്സ്യബന്ധന നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
