മനാമ: ബഹ്റൈനിലെ സ്വകാര്യ സ്കൂളുകളുടെ പഠന സാമഗ്രികൾ വിദ്യാഭ്യാസ മൂല്യങ്ങൾ ഉൾക്കൊള്ളുന്നവയായിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം നൽകിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയം അംഗീകരിച്ച് വിദ്യാർത്ഥികൾക്ക് നൽകുന്ന പാഠ്യപദ്ധതിയിൽ ഉൾപ്പെടാത്ത ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളും സാമഗ്രികളും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുക എന്നത് വിദ്യാലയങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സർക്കുലറിൽ പറയുന്നു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിൽ പോസ്റ്റുചെയ്യുന്ന വിവരങ്ങളും ചിത്രങ്ങളും വിദ്യാഭ്യാസ നിയമം, ലൈസൻസിംഗ് നിബന്ധനകൾ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നവയായിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.